ട്രക്ക് അപകടം: സ്വാസിലാന്‍ഡില്‍ 38 സ്ത്രീകള്‍ മരിച്ചു
Sunday, August 30, 2015 11:23 PM IST
ജോഹാനസ്ബര്‍ഗ്: ആഫ്രിക്കന്‍ രാജ്യമായ സ്വാസിലാന്‍ഡില്‍ രാജകൊട്ടാരത്തില്‍ നൃത്തം ചെയ്യാന്‍ പോയ പെണ്‍കുട്ടികളും യുവതികളും ഉള്‍പ്പെടെ 38 പേര്‍ വാഹനാപകടത്തില്‍ മരിച്ചു. 20 പേര്‍ക്കു പരിക്കേറ്റു.

ദക്ഷിണാഫ്രിക്ക, മൊസാമ്പിക്ക് എന്നിവയുടെ അതിര്‍ത്തിയിലുള്ള സ്വതന്ത്രരാജ്യമായ സ്വാസിലാന്‍ഡില്‍ രാജാവാണു ഭരിക്കുന്നത്. എല്ലാവര്‍ഷവും എട്ടുദിവസം നീണ്ടുനില്‍ക്കുന്ന നൃത്തപരിപാടികള്‍ കൊട്ടാരത്തില്‍ അരങ്ങേറാറുണ്ട്.


നൃത്തത്തിനു പോയവര്‍ സഞ്ചരിച്ച തുറന്ന ട്രക്കും എതിരേ വന്ന വാനും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ട്രക്കിനു പിന്നില്‍ മറ്റൊരു ട്രക്കും വന്നിടിച്ചു. സ്വാസി നഗരങ്ങളായ മബാബ്നയ്ക്കും മന്‍സീനിക്കും മധ്യേ ഹൈവേയിലായിരുന്നു അപകടം. അപകട വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാനെത്തിയവരെ പോലീസ് തടഞ്ഞതായി സ്വാസിലാന്‍ഡ് സോളിഡാരിറ്റി നെറ്റ്വര്‍ക്ക് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.