ഒബാമയുടെ സന്ദര്‍ശനവേളയില്‍ അലാസ്കയില്‍ ചൈനീസ് യുദ്ധക്കപ്പലുകള്‍
Friday, September 4, 2015 11:13 PM IST
വാഷിംഗ്ടണ്‍: പ്രസിഡന്റ് ബറാക് ഒബാമ അലാസ്കയില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ അലാസ്കയ്ക്കു സമീപം ബെറിംഗ് കടലില്‍ ചൈനയുടെ അഞ്ചു യുദ്ധക്കപ്പലുകള്‍ കാണപ്പെട്ടത് ഏറെ വിവാദത്തിനിടയാക്കി.

ബെറിംഗ് കടലില്‍ ചൈനീസ് നാവികക്കപ്പലുകള്‍ എത്തുന്നത് ആദ്യമാണെന്ന് പെന്റഗണ്‍ വ ക്താവ് ജെഫ് ഡേവീസ് പറഞ്ഞു. അന്തര്‍ദേശീയ സമുദ്ര മേഖലയിലൂടെ സഞ്ചരിക്കാന്‍ ചൈനീസ് കപ്പലുകള്‍ക്കുള്ള അവകാശത്തെ മാനിക്കുന്നുവെന്നും ഡേവീസ് വ്യക്തമാക്കി. തങ്ങളുടെ നാവികശേഷിയെക്കുറിച്ച് അമേരിക്കയ്ക്കു മുന്നറിയിപ്പു നല്‍കുകയായിരിക്കും ചൈനയുടെ ഉദ്ദേശ്യമെന്നു വാഷിംഗ്ടണിലെ ചൈനാ വിദഗ്ധന്‍ ഡീന്‍ ചെംഗ് അഭിപ്രായപ്പെട്ടു.ചൈനീസ് കപ്പലുകളുടെ നീക്കങ്ങള്‍ പെന്റഗണ്‍ സശ്രദ്ധം നിരീക്ഷിച്ചുവരികയാണെന്നു വൈറ്റ് ഹൌസ് വക്താവ് ജോഷ് ഏണസ്റ് പറഞ്ഞു.


ഒബാമയുടെ സന്ദര്‍ശനം അടുത്തയിടെ പ്ളാന്‍ചെയ്തതാണ്. സാധാരണ യുദ്ധക്കപ്പലുകളുടെ വിന്യാസം ഏറെ നാള്‍ മുമ്പേ നിശ്ചയിക്കാറുണ്ട്. അതിനാല്‍ അലാസ്കയില്‍ ചൈനീസ് നാവികക്കപ്പലുകള്‍ എത്തിയത് ഒബാമയുടെ സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി കാണേണ്ടതില്ലെന്നു ചില യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.