മുന്‍ഗാമികളെ തിരുത്തിയ ഡീറ്റണു ധനശാസ്ത്ര നൊബേല്‍
മുന്‍ഗാമികളെ തിരുത്തിയ ഡീറ്റണു ധനശാസ്ത്ര നൊബേല്‍
Tuesday, October 13, 2015 12:11 AM IST
സ്റോക്ഹോം: ധനശാസ്ത്രത്തി ല്‍ പല ധാരണകളും തിരുത്തിക്കുറിച്ച ആംഗൂസ് ഡീറ്റണ് ധനശാസ്ത്ര നൊബേല്‍. ബ്രിട്ടനില്‍ ജനിച്ച് അമേരിക്കന്‍ പൌരത്വം നേടിയ ഈ എഴുപതുകാരന്‍ പ്രിന്‍സ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ പ്രഫസറാണ്. നൊബേല്‍ പട്ടികയില്‍ പ്രാരംഭത്തില്‍ ഇല്ലാതിരുന്ന ധനശാസ്ത്ര പുരസ്കാരം 1970ല്‍ സ്വീഡനിലെ കേന്ദ്രബാങ്ക് (സ്വെറിജസ് റിക്സ്ബാങ്ക്) ഏര്‍പ്പെടുത്തിയതാണ്.

ധനകാര്യ നയങ്ങള്‍ രൂപീകരിക്കുന്നതിലും ധനകാര്യ പഠനത്തിലും വലിയ സ്വാധീനം ചെലുത്തിയ ഗവേഷണങ്ങളാണു ഡീറ്റന്റേത്. മൈക്രോ, മാക്രോ, വികസന ധനശാസ്ത്രമേഖലകളിലെല്ലാം പരന്നുകിടക്കുന്നു അദ്ദേഹത്തിന്റെ പഠനവും സംഭാവനകളും. പ്രഗല്ഭരായ പല മുന്‍ഗാമികളുടെയും സിദ്ധാന്തങ്ങള്‍ അദ്ദേഹം തിരുത്തി.

വ്യക്തികള്‍ സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനു പിന്നിലെ പ്രചോദനം വിശദീകരിക്കുന്നതിനു പഴയതിനേക്കാള്‍ മികച്ച സമവാക്യങ്ങള്‍ ഡീറ്റണും സഹപ്രവര്‍ത്തകന്‍ ജോണ്‍ മ്യൂള്‍ബൌവറും ചേര്‍ന്ന് ആവിഷ്കരിച്ചു. ഓള്‍മോസ്റ് ഐഡിയല്‍ ഡിമാന്‍ഡ് സിസ്റം എന്നാണ് 1980ല്‍ തയാറാക്കിയ ഈ സമീകരണ സംഹിത അറിയപ്പെടുന്നത്. ഇപ്പോള്‍ ധനകാര്യ നയങ്ങളുടെ ഫലം പ്രവചിക്കാനും വിലസൂചികകള്‍ തയാറാക്കാനും വിവിധ രാജ്യങ്ങളിലെ ജീവിതനിലവാരം താരതമ്യം ചെയ്യാനുമുള്ള പൊതു ഫോര്‍മുലയായി ഇതു സ്വീകരിക്കപ്പെട്ടിരിക്കുന്നു. കുടുംങ്ങള്‍ ചെലവുകള്‍ ക്രമീകരിക്കുന്നത് എങ്ങനെയെന്ന് ഇതു വിശദീകരിക്കുന്നു. ഇതില്‍നിന്നുള്ള അടുത്ത ഘട്ടത്തിലെ പഠനം നിലവിലിരുന്ന ചില സിദ്ധാന്തങ്ങള്‍ തള്ളിക്കളയാന്‍ ഡീറ്റനെ പ്രാപ്തനാക്കി. ഭാവിയില്‍ കുറച്ചു വരുമാനം പ്രതീക്ഷിക്കുന്നവര്‍ മിച്ചംവയ്ക്കുമെന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നവര്‍ വായ്പയെടുത്തു ചെലവാക്കുമെന്നുമായിരുന്നു മില്‍ട്ടണ്‍ ഫ്രീഡ്മാന്റെയും ഫ്രാങ്കോ മോഡിളിയാനിയുടെയും സിദ്ധാന്തങ്ങള്‍. ഇവ മതിയായ വിശദീകരണമല്ലെന്നു ഡീറ്റണ്‍ സ്ഥാപിച്ചു. സിദ്ധാന്തങ്ങളിലെ വൈരുധ്യം അദ്ദേഹം വെളിവാക്കി. മാക്രോ ധനശാസ്ത്രത്തിലെ ഈ വൈരുധ്യം പരിഹരിക്കാന്‍ മൈ ക്രോ ധനശാസ്ത്രത്തിലേക്കു ഡീറ്റണ്‍ ചെന്നു.


വ്യക്തികളുടെ ചെലവുരീതി പഠിച്ചു. വ്യക്തിതലത്തില്‍നിന്നു വിശാല (മാക്രോ)തലത്തിലേക്കു ചെലവും സമ്പാദ്യവും സംബന്ധിച്ച തീരുമാനങ്ങളുടെ പഠനം എത്തിച്ചപ്പോള്‍ സാമ്പത്തിക പ്രവച നങ്ങള്‍ കൂടുതല്‍ കൃത്യമായി.

ദാരിദ്യ്രം സംബ ന്ധിച്ച ഡീറ്റന്റെ പഠനവും ധാരണകള്‍ തിരുത്തി. വരുമാനമാണു ദരിദ്രജനവിഭാഗങ്ങള്‍ എത്ര ഭക്ഷണം കഴിക്കുന്നു എന്നു നിശ്ചയിക്കുന്നതെന്ന് അദ്ദേഹം സ്ഥാപിച്ചു. പോഷകാഹാരക്കുറവ് വരുമാനം കുറയ്ക്കുന്നു എന്ന വാദംതള്ളി. വരുമാനക്കുറവ് പോഷകാഹാരക്കുറവിനു മാത്രമല്ല മൊ ത്തം ഭക്ഷണം കുറയുന്നതിനും കാരണമാകുമെന്ന് വിശദീകരിച്ചു.

പസിള്‍സ് ആന്‍ഡ് പാരഡോക്സസ്: എ ലൈഫ് ഇന്‍ അപ്ളൈഡ് ഇക്കണോമിക്സ് അദ്ദേഹത്തിന്റെ ആത്മകഥാപരമായ രചനയാണ്. മ്യൂള്‍ബൌവറുമായി ചേര്‍ന്ന് രചിച്ച ഇക്കണോമിക്സ് ആന്‍ഡ് കണ്‍സ്യൂമര്‍ ബിഹേവിയര്‍ (1980), തനിയേ രചിച്ച അണ്ടര്‍സ്റാന്‍ഡിംഗ് കണ്‍സംപ്ഷന്‍ (1992), ദ അനാലിസിസ് ഓഫ് ഹൌസ്ഹോള്‍ഡ് സര്‍വേയ്സ്: എ മാക്രോ ഇക്കണോമിക് അപ്രോച്ച് ടു ഡെവലപ്മെന്റ് പോളിസി (1997) എന്നിവയാണു പ്രധാന പുസ്തകങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.