ഇ-മെയില്‍ വിവാദം: ഹില്ലരിക്കു തെറ്റുപറ്റിയെന്ന് ഒബാമ
ഇ-മെയില്‍ വിവാദം: ഹില്ലരിക്കു തെറ്റുപറ്റിയെന്ന് ഒബാമ
Tuesday, October 13, 2015 12:21 AM IST
വാഷിംഗ്ടണ്‍: സ്വകാര്യ ഇമെയില്‍ സര്‍വറിലൂടെ ഔദ്യോഗിക മെയിലുകള്‍ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്ത ഹില്ലരി ക്ളിന്റന്റെ നടപടി ശരിയായില്ലെന്നു പ്രസിഡന്റ് ബറാക് ഒബാമ. ദേശീയ സുരക്ഷ ഇതുമൂലം അപകടത്തിലായിട്ടില്ലെന്നും അദ്ദേഹം സിബിഎസ് ടിവിയുടെ പ്രോഗ്രാമില്‍ പറഞ്ഞു.

ആദ്യമായാണ് ഹില്ലരി ഉള്‍പ്പെട്ട ഇമെയില്‍ വിവാദത്തെക്കുറിച്ചു ഒബാമ പ്രതികരിക്കുന്നത്. സ്റേറ്റ് സെക്രട്ടറി എന്ന നിലയില്‍ ഹില്ലരി സ്വകാര്യ സര്‍വര്‍ ഉപയോഗിച്ചത് തന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും ഒബാമ വ്യക്തമാക്കി. അവര്‍ക്കു തെറ്റുപറ്റി. അത് അവര്‍ സമ്മതിക്കുകയും ചെയ്തു. രാഷ്ട്രീയ ലാക്കോടെയാണ് ചിലര്‍ ഇ-മെയില്‍ പ്രശ്നം ഊതിവീര്‍പ്പിക്കുന്നത്.


റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം മോഹിക്കുന്നവരില്‍ പ്രമുഖനായ ഡൊണാള്‍ഡ് ട്രമ്പിനെയും ഒബാമ കളിയാക്കി. റിയാലിറ്റി ഷോയിലെ കഥാപാത്രം പോലെയാണു ട്രമ്പ്. പബ്ളിസിറ്റിയില്‍ ഏറെ ഭ്രമമുണ്ട്. ട്രമ്പ് വൈറ്റ്ഹൌസിലെത്തുമെന്നു താന്‍ കരുതുന്നില്ലെന്നും ഒബാമ പറഞ്ഞു.ജോ ബൈഡനെ മികച്ച വൈസ് പ്രസിഡന്റുമാരില്‍ ഒരാളെന്ന് ഒബാമ വിശേഷിപ്പിച്ചു.

സിറിയയില്‍ സൈനിക ഇടപെടലിന് റഷ്യ ശ്രമിച്ചേക്കുമെന്നു മുന്‍കൂട്ടി തനിക്കു വിവരം കിട്ടിയിരുന്നുവെന്ന് ഒരു ചോദ്യത്തിനുത്തരമായി ഒബാമ പറഞ്ഞു. സിറിയയിലെ റഷ്യന്‍ വ്യോമാക്രമണം ഒബാമ ഭരണകൂടത്തെ ഞെട്ടിച്ചെന്നു നേരത്തെ ചില വിമര്‍ശകര്‍ പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.