വിവാഹിതര്‍ക്കും കുടുംബജീവിതക്കാര്‍ക്കും പ്രാര്‍ഥനാദിനം വേണം: സിനഡ്
Wednesday, October 14, 2015 11:44 PM IST
ഫാ. ജോസഫ് സ്രാമ്പിക്കല്‍


വത്തിക്കന്‍ സിറ്റി: വിവാഹിതര്‍ക്കും കുടുംബജീവിതക്കാര്‍ക്കും വേണ്ടി പ്രാര്‍ഥനാദിനം വേണമെന്നു കുടുംബത്തെക്കുറിച്ചുള്ള സിനഡില്‍ പിതാക്കന്മാര്‍ ആവശ്യപ്പെട്ടു. തിരുക്കുടുംബത്തിന്റെ തിരുനാള്‍ ആഘോഷിക്കുന്ന ദിവസമാണ് അതിന് അഭികാമ്യം. അടുത്ത സിനഡ് വൈദികരുടെ രൂപീകരണത്തെക്കുറിച്ചു ചര്‍ച്ച ചെയ്യണമെന്നും പിതാക്കന്മാര്‍ നിര്‍ദേശിച്ചു. രണ്ടു ദിവസങ്ങളായി പ്രവര്‍ത്തനരേഖയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ഭാഷാടിസ്ഥാനത്തിലുള്ള ഗ്രൂപ്പു ചര്‍ച്ചയാണ് നടന്നത്. ഈ ഭാഗത്തെക്കുറിച്ചു സിനഡിന്റെ പൊതുസമ്മേളനങ്ങളില്‍ പിതാക്കന്മാര്‍ നടത്തിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഗ്രൂപ്പുചര്‍ച്ചകളില്‍ പരിഗണനയ്ക്കെടുത്തു.


ഇന്നു കുടുംബത്തെക്കുറിച്ചുള്ള സിനഡിന്റെ എട്ടും ഒമ്പതും പൊതുസമ്മേളനങ്ങള്‍ നടക്കും. രാവിലെ പ്രവര്‍ത്തനരേഖയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ഭാഷാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകളുടെ തീരുമാനങ്ങള്‍ സിനഡ് ഹാളില്‍ മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ അവതരിപ്പിക്കും. അതുപോലെ തന്നെ പ്രവര്‍ത്തനരേഖയില്‍ വരുത്തേണ്ട മാറ്റങ്ങളും അവതരിപ്പിക്കും. ഇന്നു വൈകുന്നേരം 4.30ന് പ്രവര്‍ത്തനരേഖയുടെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള വിചിന്തനങ്ങള്‍ ഹങ്കറിയിലെ ഏസ്റര്‍ഗോം ബുഡാപെസ്റ് ആര്‍ച്ച്ബിഷപ്പും സിനഡിന്റ ജനറല്‍ റിലേറ്ററുമായ കര്‍ദിനാള്‍ പീറ്റര്‍ എര്‍ദു അവതരിപ്പിക്കും. നാളെ പത്തും പതിനൊന്നും പൊതുസമ്മേളനങ്ങളാണു നടക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.