തകര്‍ന്ന മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഫിലിപ്പീന്‍സില്‍
തകര്‍ന്ന മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഫിലിപ്പീന്‍സില്‍
Wednesday, October 14, 2015 11:44 PM IST
മനില(ഫിലിപ്പീന്‍സ്): കഴിഞ്ഞവര്‍ഷം ക്വാലാലംപൂരില്‍നിന്നു ചൈനയിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിന്റെ ഭാഗങ്ങള്‍ സഗ്ബായ് ദ്വീപിലെ വനപ്രദേശത്ത് കണ്െടത്തി. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ 239 യാത്രക്കാരുമായി ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലേക്കു പോയ വിമാനം കാണാതായതിനെത്തുടര്‍ന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തെരച്ചിലില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍, വിമാനം അപകടത്തില്‍പ്പെട്ടതിന്റെ യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. വിമാനത്തിന്റെ ഭാഗങ്ങളില്‍ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ നിറങ്ങള്‍ കാണപ്പെട്ടതാണ് സംശയത്തിന് ഇടനല്‍കിയത്. വനത്തിനുള്ളില്‍ എത്തിയ നാല്‍പത്തെട്ടുകാരനാണ് വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടത്. ഇവയോടൊപ്പം യാത്രക്കാരുടേതെന്നു കരുതപ്പെടുന്ന അസ്ഥികൂടങ്ങളും കണ്െടത്തി. തകര്‍ന്ന സീറ്റുകള്‍ക്കൊപ്പമാണ് അസ്ഥികൂടങ്ങള്‍ കിടന്നത്.

ഫിലിപ്പീന്‍സ് അന്വേഷണം ആരംഭിച്ചു. മലേഷ്യന്‍ വിമാനത്തിന്റെ ഭാഗങ്ങള്‍തന്നെയാണോ എന്ന് ഉറപ്പാക്കണമെന്ന് മലേഷ്യ അഭ്യര്‍ഥിച്ചിട്ടുണ്ട്്.

താവി താവിയിലെ സുഗ്ബേ ദ്വീപിലാണ് വിമാന അവശിഷ്ടങ്ങള്‍ കണ്ടതായി പറയപ്പെടുന്നതെന്ന് ഫിലിപ്പീന്‍സ് ഇന്‍സ്പെക്ടര്‍ ജനറല്‍ ടാന്‍ ശ്രി ഖാലിദ് പറഞ്ഞു. നായാട്ടിനുപോയ ബന്ധുക്കളാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സീറ്റ്ബെല്‍റ്റില്‍ കുടുങ്ങിയ നിലയില്‍ പൈലറ്റിന്റേതെന്നു കരുതുന്ന അസ്ഥികൂടവും വനത്തില്‍ കണ്ടതായി അദ്ദേഹം പറഞ്ഞു. മലേഷ്യന്‍ വിമാനമായ എംഎച്ച്-370ലെ യാത്രക്കാരില്‍ ഭൂരിപക്ഷവും ചൈനക്കാരായിരുന്നു. താവി താവി പ്രവിശ്യയിലെ യൂബി ദ്വീപിനടുത്തായി വിമാനം തകര്‍ന്നതായി അടുത്തയിടെ വന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നതായി മലേഷ്യന്‍ സേന അറിയിച്ചു. ബോയിംഗ് 777-200 വിമാനമാണ് എംഎച്ച് 370 എന്നപേരില്‍ സര്‍വീസ് നടത്തിയിരുന്നത്. മാര്‍ച്ച് എട്ടിന് രാവിലെ 2.40ന് ക്വാലാലംപൂരുമായുള്ള വിനിമയബന്ധം നഷ്ടപ്പെട്ട വിമാനം പറപ്പിച്ചിരുന്നത് ക്യാപ്റ്റന്‍ സഹാരി അഹമ്മദ് ഷാ ആണ്. രണ്ടുകൂട്ടികളുള്‍പ്പെടെ 227 യാത്രക്കാരും 12 വിമാനജീവനക്കാരുമുണ്ടായിരുന്നു.


ചൈനയ്ക്കുപുറമേ, മലേഷ്യ, ഇന്തോനേഷ്യ, ഓസ്ട്രേലിയ, ഫ്രാന്‍സ്, യുഎസ് ന്യൂസീലന്‍ഡ്, യുക്രെയ്ന്‍, കാനഡ, റഷ്യ, ഇറ്റലി, തായ്വാന്‍, നെതര്‍ലന്‍ഡ്സ്, ഓസ്ട്രിയ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.