അമ്മയുടെ പ്രസവമെടുത്തു, അനന്തരം അവള്‍ സ്കൂളിലേക്ക്!
അമ്മയുടെ പ്രസവമെടുത്തു, അനന്തരം അവള്‍ സ്കൂളിലേക്ക്!
Sunday, November 29, 2015 11:14 PM IST
ലണ്ടന്‍: അമ്മയുടെ പ്രസവം എടുത്തശേഷം കൈയും കഴുകി യാതൊരു ഭാവഭേദവുമില്ലാതെ സ്കൂളിലേക്കു പോവുക; അതുമൊരു പതിനൊന്നുകാരി! കേട്ടിട്ട് കെട്ടുകഥയാണെന്നു തോന്നിയെങ്കില്‍ തെറ്റി. ബര്‍മിംഗാമിലെ പതിനൊന്നുകാരി പതിവുപോലെ സ്കൂളിലേക്ക് എത്തിയപ്പോള്‍ ആരും അറിഞ്ഞിരുന്നില്ല, വലിയൊരു ദൌത്യം വിജയകരമായി പൂര്‍ത്തീകരിച്ച ശേഷമാണ് ആ വരവെന്ന്.

മുതിര്‍ന്നവര്‍ പോലും ഒരു നിമിഷം അങ്കലാപ്പിലാകുന്ന നിമിഷങ്ങളെയാണ് നിഷ്പ്രയാസം ഇവള്‍ കൈകാര്യം ചെയ്ത് ഇപ്പോള്‍ താരമായിരിക്കുന്നത്. പക്വതയുടെയും പ്രായത്തില്‍ കവിഞ്ഞ മനോധൈര്യത്തിന്റെയും ഈ കഥ ലോകത്തിനു കൌതുകമാവുകയാണ്. കെയ്റ്റ്ലിന്‍ ബര്‍ക് എന്ന ബാലികയാണ് അമ്മ താരാ നൈറ്റ്ലീയ്ക്കു പ്രസവവേദന വന്നപ്പോള്‍ പതറാ തെ സങ്കീര്‍ണമായ പ്രശ്നം കൈയടക്കത്തോടെ കൈകാര്യം ചെയ്തത്.

നൈറ്റ്ലീയുടെ ഭര്‍ത്താവ് രാവിലെ അഞ്ചിനു വീട്ടില്‍നിന്നു പോയി. അപ്രതീക്ഷിതമായാണ് അല്പം കഴിഞ്ഞപ്പോള്‍ നൈറ്റ്ലീയ്ക്ക് പ്രസവവേദന തുടങ്ങിയത്. പെട്ടെന്ന് ഓടിയെത്താന്‍ ആരുമില്ല. ഉടന്‍ പ്രസവം നടക്കുമെന്നു തോന്നിയതോടെ അവര്‍ മൂത്തമകള്‍ കെയ്റ്റ്ലിനോട് ആംബുലന്‍സ് വിളിക്കാന്‍ നിര്‍ദേശിച്ചു. അമ്മയ്ക്കു പ്രസവവേദന കലശലാണെന്നു മനസിലായതോടെ അവള്‍ ആംബുലന്‍സ് വിളിച്ചു.

എന്നാല്‍, ആംബുലന്‍സ് എത്തുന്നതിനു മുമ്പുതന്നെ പ്രസവം നടക്കുമെന്നു തോന്നിയതിനാല്‍ മെഡിക്കല്‍ ടീം ഫോണിലൂടെ പ്രസവ ശുശ്രൂഷ നിര്‍വഹിക്കാന്‍ കെയ്റ്റ്ലിനു നിര്‍ദേശങ്ങള്‍ നല്‍കി. അവര്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധയോടെ കേട്ട് അവള്‍ പിന്തുടര്‍ന്നു. അമ്മ വേദനകൊണ്ടു കരയുമ്പോഴും സംയമനം കൈവിടാതെ അവള്‍ പ്രവര്‍ത്തിച്ചു. മെഡിക്കല്‍ ടീം എത്തുന്നതിനു മുമ്പുതന്നെ കുഞ്ഞിനെ വിജയകരമായി കെയ്റ്റ്ലിന്‍ പുറത്തെടുത്തു. രാവിലെ ഏഴോടെ അനുജത്തിയായ എല്‍സ മോണറ്റ് ജനിച്ചു.


കുഞ്ഞനുജത്തിയെ അവള്‍ അമ്മയ്ക്കു കൈമാറി. പിന്നെ പതിവുപോലെ റെഡിയായി സ്കൂളിലേക്കും പോയി. സംഭവം പുറത്തറിഞ്ഞതോടെ അഭിനന്ദനപ്രവാഹമായി.

സ്കൂളിലെ ടീച്ചര്‍മാരും കുട്ടികളുമെല്ലാം അഭിനന്ദനങ്ങളുമായി ഈ കൊച്ചുമിടുക്കിയെ പൊതിഞ്ഞു. പതിനൊന്നു വയസുകാരിയായ തന്റെ മകള്‍ ചെയ്തതു പോലെയൊരു കാര്യം ഈ പ്രായത്തില്‍പോലും ചെയ്യുന്നതിനെക്കുറിച്ചു തനിക്കു ചിന്തിക്കാനാവില്ലെന്ന് ഇവളുടെ അമ്മ പറയുന്നു. ഈ സംഭവത്തോടെ കുഞ്ഞനുജത്തിയോട് എന്തെന്നിന്നില്ലാത്ത അടുപ്പമാണ് അവള്‍ക്കുണ്ടായിട്ടുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുഞ്ഞിനോടുള്ള തന്റെ സ്നേഹത്തെക്കുറിച്ചു പറയാനേ അവള്‍ക്കിപ്പോള്‍ നേരമുള്ളൂ എന്നാണു അമ്മ പറയുന്നത്.

മാധ്യമങ്ങളിലും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലുമെല്ലാം ഇപ്പോള്‍ കെയ്റ്റ്ലിന്റെ മനോധൈര്യത്തിന്റെ കഥ വൈറലാവുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.