ഷി ഇനി വെറും നേതാവല്ല; പാര്‍ട്ടിയുടെ കാതല്‍
ഷി ഇനി വെറും നേതാവല്ല; പാര്‍ട്ടിയുടെ കാതല്‍
Tuesday, February 9, 2016 11:06 PM IST
ബെയ്ജിംഗ്: ഷി ചിന്‍പിംഗ് ഇനി ചൈനയുടെ കാതല്‍ നേതാവ്. ചൈനീസ് പ്രസിഡന്റ് ചോദ്യം ചെയ്യപ്പെടാത്തവിധം അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമാണിതെന്നു നിരീക്ഷകര്‍ കരുതുന്നു.

ഇപ്പോള്‍ പ്രസിഡന്റും ചൈനീസ് കമ്യൂണിസ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും കേന്ദ്ര മിലിട്ടറി കമ്മീഷന്‍ ചെയര്‍മാനുമാണ് ഷി. 2012 നവംബറില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ അദ്ദേഹം അതിവേഗം അധികാരം കൈപ്പിടിയില്‍ ഒതുക്കി. എങ്കിലും ഒരു വെല്ലുവിളി പോലും ഉയരരുത് എന്ന ലക്ഷ്യത്തിലാണ് മുമ്പു മൂന്നുപേര്‍ക്കു മാത്രം കിട്ടിയ വിശേഷണം എടുത്തണിയുന്നത്.

അന്തരിച്ച ഡെംഗ് സിയാവോ പിംഗ് ആണു കാതല്‍ എന്ന പ്രയോഗം കൊണ്ടുവന്നത്. 1989-ലെ കുപ്രസിദ്ധമായ ടിയനാന്‍മെന്‍ കൂട്ടക്കൊല കഴിഞ്ഞു 12-ാം ദിവസം പുതിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ജിയാംഗ് സെമിനെ നിയമിച്ചശേഷം നടത്തിയ പ്രസംഗത്തിലാണു ഡെംഗിന്റെ ഈ പ്രയോഗം. മാവോയും താനും ചൈനയിലെ ഒന്നാമത്തെയും രണ്ടാമത്തെയും തലമുറകളിലെ പാര്‍ട്ടിയുടെ കാതല്‍ ആയിരുന്നപോലെ ജിയാംഗ് മൂന്നാം തലമുറയിലെ കാതല്‍ ആകും എന്നാണു ഡെംഗ് പറഞ്ഞത്. ജിയാംഗ് 2002-ല്‍ സ്ഥാനമൊഴിഞ്ഞശേഷം വന്ന ഹു ജിന്‍ടാവോയെ ആരും കാതല്‍ എന്നു വിശേഷിപ്പിച്ചില്ല.

ഷിയെ അടുത്ത നാളുകളിലാണ് ചൈനീസ് മാധ്യമങ്ങളും പ്രവിശ്യാ നേതാക്കളും കാതല്‍ എന്നു വിശേഷിപ്പിച്ചു തുടങ്ങിയത്. ജിയാംഗ് സു, ടിയാന്‍ജിന്‍, സിചുവാന്‍, ഹുബൈ തുടങ്ങിയ പ്രവിശ്യകളിലെ പാര്‍ട്ടി സെക്രട്ടറിമാര്‍ ഷിയെ കാതല്‍ എന്നു വിശേഷിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഷി തന്നെയും ഇത് ഉപയോഗിച്ചു.


കഴിഞ്ഞ വെള്ളിയാഴ്ച 25 അംഗ പോളിറ്റ് ബ്യൂറോ ചേര്‍ന്നപ്പോള്‍ ചെയ്ത പ്രസംഗത്തില്‍ കാതല്‍ സംബന്ധിച്ച അവബോധം ഉണ്ടാക്കേണ്ടതുണ്െടന്ന് അദ്ദേഹം പറഞ്ഞു. ഔപചാരികമായി ഈ വിശേഷണം എന്നാണ് ഷിയുടെ മേല്‍ ചാര്‍ത്തുക എന്ന് വ്യക്തമല്ല. അടുത്തമാസം ചേരുന്ന നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസി (പാര്‍ലമെന്റ്) ലോ ഏതെങ്കിലും പോളിറ്റ്ബ്യൂറോ യോഗത്തിലോ ആകാം ആ നടപടി.

അടുത്തവര്‍ഷം നവംബറിലെ 19-ാമത് കമ്യൂണിസ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ വലിയ അഴിച്ചുപണികള്‍ക്കു ഷിയെ പ്രാപ്തനാക്കുന്നതാകും പുതിയ വിശേഷണം. മുന്‍ഗാമികളായ ജിയാംഗും ഹുവും നിയമിച്ചവരാണ് ഇപ്പോള്‍ പാര്‍ട്ടിയിലും ഭരണത്തിലും പ്രധാന തസ്തികകളില്‍.

അഴിമതിക്കാരായ കുറേപ്പേരെ കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് നീക്കിയെങ്കിലും വലിയ ശുദ്ധീകരണം നടത്തിയാലേ ശരിയാകൂ എന്നാണു ഷി കരുതുന്നത്. അതിനുള്ള ഒരു പശ്ചാത്തല സൃഷ്ടിയും ഇപ്പോള്‍ പുതിയ വിശേഷണം സ്വീകരിക്കുന്നതില്‍ ഉണ്ടാകും. സമീപകാല നേതാക്കള്‍ സമവായത്തിലൂടെ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നതില്‍നിന്നു വളരെ വ്യത്യസ്തമാണു ഷിയുടെ ശൈലി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.