കോഹിനൂര്‍ രത്നം തിരിച്ചുകിട്ടാന്‍ പാക്കിസ്ഥാനും കേസിന്
Wednesday, February 10, 2016 11:24 PM IST
ലാഹോര്‍: ബ്രിട്ടനില്‍നിന്നു കോഹിനൂര്‍ രത്നം തിരിച്ചുകിട്ടാന്‍ നടപടി എടുക്കണമെന്നു പാക് സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ ലാഹോര്‍ ഹൈക്കോടതി ഉത്തരവിട്ടു. എലിസബത്ത് രാജ്ഞിയെയും ബ്രിട്ടീഷ് ഹൈക്കമ്മീഷനെയും പ്രതിസ്ഥാനത്തു ചേര്‍ത്തുള്ള ഹര്‍ജി സ്വീകരിക്കുന്നതിനെതിരേ കോടതി രജിസ്ട്രാര്‍ ഉയര്‍ത്തിയ തടസ്സവാദം ജസ്റീസ് മഹമൂദ് ഖാന്‍ തള്ളി.

കൊളോണിയല്‍ ഭരണകാലത്ത്, അവിഭക്ത ഇന്ത്യയിലെ പഞ്ചാബിലെ മഹാരാജ ദുലീപ് സിംഗില്‍നിന്നാണ് ബ്രിട്ടന്‍ 105കാരറ്റുള്ള ഈ അമൂല്യ രത്നം തട്ടിയെടുത്തത്. തട്ടിയെടുക്കുന്നത് ഒരുതരത്തിലും സാധൂകരിക്കാനാവില്ല. എത്രനാള്‍ കഴിഞ്ഞാലും തെറ്റ് തെറ്റുതന്നെയാണെന്നും ശരിയാവില്ലെന്നും ഹര്‍ജിക്കാരനായ ബാരിസ്റര്‍ ജാവേദ് ഇക്ബാല്‍ ജാഫ്രി ചൂണ്ടിക്കാട്ടി.


കോഹിനൂര്‍ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് രാജ്ഞിക്കും തിരിച്ചു വാങ്ങാന്‍ നടപടി എടുക്കണമെന്നു നിര്‍ദേശിച്ച് പാക് ഉദ്യോഗസ്ഥര്‍ക്കും 786 കത്തുകള്‍ അയച്ചശേഷമാണു താന്‍ കോടതിയെ സമീപിച്ചതെന്നും ജാഫ്രി വ്യക്തമാക്കി.

ഇപ്പോള്‍ ലണ്ടന്‍ ടവറില്‍ സൂക്ഷിച്ചിട്ടുള്ള കോഹിനൂര്‍ ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണെന്നും തിരിച്ചുതരണമെന്നും ഇന്ത്യ പലവട്ടം ബ്രിട്ടനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.