ഈജിയന്‍കടലില്‍ നാറ്റോ പട്രോളിംഗ്
ഈജിയന്‍കടലില്‍  നാറ്റോ പട്രോളിംഗ്
Friday, February 12, 2016 11:16 PM IST
ബ്രസല്‍സ്: കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും ചൂഷണം ചെയ്യുന്ന മനുഷ്യക്കള്ളക്കടത്തുകാരെ നേരിടാന്‍ ഈജിയന്‍ കടലില്‍ പട്രോളിംഗിനു നാവികക്കപ്പലുകള്‍ അയയ്ക്കാന്‍ നാറ്റോ തീരുമാനിച്ചു. ബ്രസല്‍സില്‍ ചേര്‍ന്ന നാറ്റോ പ്രതിരോധമന്ത്രിമാരുടെ യോഗമാണു തീരുമാനമെടുത്തത്. രണ്ടാംലോകമഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹത്തിനു യൂറോപ് സാക്ഷ്യം വഹിക്കുന്ന പശ്ചാത്തലത്തിലാണു യോഗം ചേര്‍ന്നത്. കഴിഞ്ഞവര്‍ഷം മാത്രം പത്തുലക്ഷം അഭയാര്‍ഥികള്‍ വിവിധ രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലെത്തി. കൂടുതലും സിറിയയില്‍നിന്നുള്ളവരാണ്.

സിറിയയില്‍നിന്നുള്ള അഭയാര്‍ഥികള്‍ ആദ്യം എത്തുന്നതു തുര്‍ക്കിയിലാണ്. അവിടെനിന്നു ബോട്ടുകളില്‍ ഈജിയന്‍ കടല്‍ കടന്ന് ഗ്രീസിലെത്തിയശേഷം യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്കു പോകുന്നു.

പശ്ചിമേഷ്യ, ഉത്തരാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളും യൂറോപ്പിലേക്കു പോകുന്നുണ്ട്. സുരക്ഷിതമല്ലാത്ത ബോട്ടുകളില്‍ ഇവരെ എത്തിക്കുന്നതു പലപ്പോഴും മനുഷ്യക്കള്ളക്കടത്തുകാരാണ്.

കള്ളക്കടത്തു തടയുന്നതിനു തുര്‍ക്കിയുടെയും ഗ്രീസിന്റെയും തീരസംരക്ഷണസേന നടത്തുന്ന ശ്രമങ്ങള്‍ക്ക് നാറ്റോയുടെ പട്രോളിംഗ് സഹായകമാവും.

യുദ്ധക്കെടുതിയില്‍നിന്നു രക്ഷപ്പെട്ടു പലായനം ചെയ്യുന്ന പാവങ്ങളെ ചൂഷണം ചെയ്യുന്ന ക്രിമിനല്‍ സംഘങ്ങള്‍ ഈ മേഖലയില്‍ പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.


മനുഷ്യക്കടത്തുകാരെ നേരിടുന്നതിനു സത്വര നടപടിയെടുത്തേ മതിയാവൂ എന്ന് ജര്‍മന്‍ പ്രതിരോധമന്ത്രി ഉര്‍സുല വോണ്‍ ഡെര്‍ ലെയിനും പറഞ്ഞു.

തുര്‍ക്കിയില്‍ എത്തുന്ന അഭയാര്‍ഥികളെ യൂറോപ്പിലേക്കു വിടാതെ സംരക്ഷിക്കുന്നതിന് തുര്‍ക്കിക്ക് 340കോടി ഡോളറിന്റെ സഹായം നല്‍കുന്നതിനു യൂറോപ്യന്‍ യൂണിയന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

ഇതേസമയം റഷ്യന്‍ വ്യോമാക്രമണത്തെത്തുടര്‍ന്ന് ആലപ്പോ നഗരത്തില്‍നിന്നു കൂട്ടപ്പലായനം ചെയ്തവര്‍ക്ക് അതിര്‍ത്തി തുറന്നുകൊടുക്കുന്ന കാര്യം പരിഗണിക്കുമെന്നു തുര്‍ക്കി വ്യക്തമാക്കി. ആയിരങ്ങളാണ് ആലപ്പോ വിട്ടോടിയത്.

കൊല്ലപ്പെട്ടതു നാലുലക്ഷം സിറിയക്കാര്‍

ലണ്ടന്‍: അഞ്ചുവര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ ഇതിനകം നാലുലക്ഷത്തിലധികം സിറിയക്കാര്‍ കൊല്ലപ്പെട്ടു. യുദ്ധത്തിന്റെ അനന്തരഫലമായ പട്ടിണിയും ജലക്ഷാമവും ആരോഗ്യപ്രശ്നങ്ങളും 70000 പേരുടെ ജീവനും അപഹരിച്ചു. സിറിയയിലെ മൊത്തം ജനസംഖ്യയുടെ 11 ശതമാനമാണ് ഇപ്രകാരം മരിച്ചതെന്ന് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ടു ചെയ്തു.

യുദ്ധത്തില്‍ പരിക്കേറ്റവരുടെ എണ്ണം 19ലക്ഷമാണ്. യുദ്ധംമൂലമുള്ള സാമ്പത്തിക നഷ്ടം 25500കോടി ഡോളര്‍ വരുമെന്നും ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.