സിറിയയില്‍ വെടിനിര്‍ത്തല്‍ നീക്കം
Saturday, February 13, 2016 11:44 PM IST
മ്യൂണിക്: സിറിയയില്‍ അഞ്ചുവര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തില്‍ ആദ്യമായി ഔപചാരിക വെടിനിര്‍ത്തലിനു നീക്കം. ഒരാഴ്ചയ്ക്കകം വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തി ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമത്തിനു തുടക്കം കുറിക്കാനാണ്് ജര്‍മനിയിലെ മ്യൂണിക്കില്‍ ചേര്‍ന്ന 17 രാജ്യങ്ങളുടെ കൂട്ടായ്മ തീരുമാനിച്ചതെന്ന് യുഎസ് സ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവും ചര്‍ച്ചകളില്‍ നിര്‍ണായക പങ്ക് വഹിച്ചു. സിറിയയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള സഹായസാമഗ്രികളുടെ വിതരണം ഉടന്‍ തുടങ്ങാനും ഇന്റര്‍നാഷണല്‍ സിറിയ സപ്പോര്‍ട്ട് ഗ്രൂപ്പ് തീരുമാനിച്ചു.

എന്നാല്‍ ഏറെ പ്രതീക്ഷയോടെ ഒപ്പുവച്ച കരാര്‍ പ്രാവര്‍ത്തികമാകുമോയെന്ന കാര്യത്തില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്. ഇസ്ളാമിക് സ്റേറ്റ് ഭീകരര്‍, അല്‍ക്വയ്ദ എന്നിവയും ഇവരുമായി സഹകരിക്കുന്ന അല്‍നുസ്റ ഗ്രൂപ്പും കരാറിന്റെ പരിധിയില്‍ വരുന്നില്ല. ഇവര്‍ക്ക് എതിരേയുള്ള പോരാട്ടം തുടരും. ഇക്കാരണത്താല്‍ത്തന്നെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ കരാറിനു കഴിയുമോയെന്ന് വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുന്നു. അല്‍ നുസ്റയ്ക്ക് ആലപ്പോയിലും സമീപപ്രദേശങ്ങളിലും ശക്തമായ സാന്നിധ്യമുണ്ട്.


ഇതിനിടെ മുഴുവന്‍ ഭീകരരെയും പരാജയപ്പെടുത്തി സിറിയയുടെ സമ്പൂര്‍ണ നിയന്ത്രണം കൈയടക്കാനുള്ള നീക്കത്തില്‍നിന്നു പിന്മാറില്ലെന്നു സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദ് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.