ജീവിതസാക്ഷാത്കാരത്തിനു വചനാധിഷ്ഠിത ജീവിതം നയിക്കണം: മാർ റാഫേൽ തട്ടിൽ
Sunday, April 24, 2016 12:32 PM IST
<ആ>ഫാ. ജോസഫ് സ്രാമ്പിക്കൽ

വത്തിക്കാൻ സിറ്റി: ജീവിതസാക്ഷാത്കാരത്തിനു വചനാധിഷ്ഠിതമായ ജീവിതം നയിക്കണമെന്ന് തൃശൂർ അതിരൂപതാ സഹായമെത്രാനും ഭാരതത്തിലെ സീറോ മലബാർ വിശ്വാസികളുടെ അപ്പസ്തോലിക്ക് വിസിറ്റേറ്ററുമായ മാർ റാഫേൽ തട്ടിൽ. റോമിലെ സാ ന്തോം പാസ്റ്ററൽ സെന്റർ സംഘടിപ്പിച്ച കൃപാഭിഷേകം ബൈബിൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വചനമനുസരിക്കുമ്പോൾ നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ ഹിതമാണു നമ്മൾ നടപ്പാക്കുന്നത്. ദൈവഹിതം നടപ്പാക്കാത്ത ജീവിതങ്ങൾ പരാജയങ്ങളും ഫലം പുറപ്പെടുവിക്കാത്തതുമാണ്. ദൈവത്തിന്റെ പദ്ധതി നടപ്പാക്കുന്ന വ്യക്‌തികൾക്കും കുടുംബങ്ങൾക്കും മാത്രമേ പ്രതിസന്ധികളെ സന്തോഷപൂർവം തരണം ചെയ്യാൻ സാധിക്കുകയുള്ളൂ എന്നും മാർ തട്ടിൽ കൂട്ടിച്ചേർത്തു.

പ്രശസ്ത ധ്യാനഗുരുവും അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. ഡോമിനിക് വാളൻമാലാണ് 22 നു തുടങ്ങി 25 ന് അവസാനിക്കുന്ന കൺവൻഷൻ നയിക്കുന്നത്. തിരുവചനത്തിലൂടെയും വിശുദ്ധ കുർബാനയിലൂടെയുമാണ് ആത്മീയഭക്ഷണം വിശ്വാസികൾക്ക് ലഭിക്കുന്നതെന്നും അതിൽ കുറവുവരുമ്പോൾ ആത്മീയ ജീവിതം മുരടിക്കുമെന്നും ഫാ. ഡോമിനിക് പറഞ്ഞു. ദിവസവും ഉച്ചകഴിഞ്ഞ് രണ്ടു മുതൽ എട്ടു വരെയാണ് കൺവൻഷൻ.


മോൺ സ്റ്റീഫൻ ചിറപ്പണത്ത്, ഫാ. ബിജു മുട്ടത്തുകുന്നേൽ, ഫാ. ബിനോജ് മുളവരിക്കൽ, ഡെയിസൺ തെക്കൻ, ബേബി കോയിക്കൽ, തോമസ് ഉപ്പിണി, മനു മാളിയേക്കൽ, ചാണ്ടി പ്ലാമൂട്ടിൽ, സുനിൽ ആനിക്കാത്തോട്ടത്തിൽ, ഡെന്നി ചിറപ്പണത്ത്, ബേബി പറത്താത്ത്, ജെയിൻ തട്ടാംപറമ്പിൽ, മേരി തോമസ് ഇരുമ്പൻ, എൽസി ചാണ്ടി, മില്ലറ്റ് തുടങ്ങിയവർ കൺവൻഷനു നേതൃത്വം നല്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.