അരാംകോയുടെ ഓഹരി വിൽക്കാൻ സൗദി പദ്ധതി
അരാംകോയുടെ ഓഹരി വിൽക്കാൻ സൗദി പദ്ധതി
Monday, April 25, 2016 12:12 PM IST
റിയാദ്: പെട്രോളിയത്തിലുള്ള ആശ്രിതത്വം ഒഴിവാക്കിക്കൊണ്ട് 2030 ആകുമ്പോഴേക്ക് പുതിയൊരു സൗദി അറേബ്യ ആകാനുള്ള രൂപരേഖ സൗദി ഭരണകൂടം ഇന്നലെ അംഗീകരിച്ചു. നിലനിർത്താവുന്ന വളർച്ചയിലേക്കു മാറുകയാണ് സൗദി വിഷൻ 2030ന്റെ ലക്ഷ്യം. ഇപ്പോൾ ഭരണത്തിൽ കരുത്തനായ ഉപകിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണു രൂപരേഖ അവതരിപ്പിച്ചത്. എണ്ണവില വീപ്പയ്ക്കു 30 ഡോളറായി താണാലും സൗദി അറേബ്യക്കു നടപ്പാക്കാനാവുന്നതാണ് ഈ രൂപരേഖ എന്ന് രാജകുമാരൻ പറഞ്ഞു.

സമ്പദ്ഘടനയിൽ എണ്ണയുടെ പങ്ക് 84 ശതമാനത്തിൽ നിന്ന് 50 ശതമാനമാകുകയാണു ലക്ഷ്യം. ഇതിനായി രാജ്യത്തിന്റെ നിക്ഷേപനിധി (സോവറിൻ വെൽത്ത് ഫണ്ട്) മൂന്നുലക്ഷം കോടി ഡോളറിന്റേത് (200 ലക്ഷം കോടി രൂപ) ആക്കി വളർത്തും.


അരാംകോ (അറേബ്യൻ അമേരിക്കൻ ഓയിൽ കമ്പനി) യുടെ അഞ്ചു ശതമാനം ഓഹരി വിൽക്കുന്നതും പരിപാടിയിൽ ഉണ്ട്. രണ്ടുലക്ഷം കോടി ഡോളറാണ് അരാംകോയുടെ മൂല്യമായി കണക്കാക്കുന്നത്. ഈ ഓഹരി വില്പന ചരിത്രത്തിലെ ഏറ്റവും വലിയ പ്രഥമ ഓഹരി വില്പന(ഐപിഒ)യാകും.

സ്ത്രീകളുടെ തൊഴിൽസാന്നിധ്യം 22 ശതമാനത്തിൽനിന്നു 30 ശതമാനമാക്കും. തൊഴിലില്ലായ്മ 11 ശതമാനത്തിൽനിന്ന് 7.6 ശതമാനമായി കുറയ്ക്കും. കഴിഞ്ഞവർഷം 9800 കോടി ഡോളർ കമ്മി വരുത്തിയ സൗദിഅറേബ്യ ഇക്കൊല്ലം കമ്മി 8700 കോടി ഡോളറായി കുറയ്ക്കാൻ ഉദ്ദേശിക്കുന്നു.

31 വയസുള്ള മുഹമ്മദ് രാജകുമാരൻ ഒന്നേകാൽ വർഷമേ ആയുള്ളൂ ഭരണത്തിൽ നിർണായക പങ്കു വഹിച്ചു തുടങ്ങിയിട്ട്. സൽമാൻ രാജാവിന്റെ മകനാണിദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.