അമേരിക്കയിൽ ട്രംപിന്റെ റാലിയിൽ സംഘർഷം
അമേരിക്കയിൽ ട്രംപിന്റെ റാലിയിൽ സംഘർഷം
Friday, April 29, 2016 12:05 PM IST
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്‌ഥാനാർഥിത്വത്തിനുവേണ്ടി മത്സരിക്കുന്ന ഡോണാൾഡ് ട്രംപിന്റെ കലിഫോർണിയയിലെ റാലിയിൽ സംഘർഷം. കോസ്റ്റ മെസയിലെ ഓറഞ്ച് കൗണ്ടി ഫെയർഗ്രൗഡിലെ ഹാളിൽ ട്രംപ് പ്രസംഗിക്കുന്നതിനിടെയാണു സംഘർഷം ഉണ്ടായത്. ട്രംപ് അനുകൂലികളും പ്രക്ഷോഭകാരികളും തമ്മിൽ ഹാളിനു പുറത്ത് ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ അക്രമികൾ പോലീസ് വാഹനം തകർത്തു. നിരവധിപ്പേർക്കു പരിക്കേറ്റു. 20 പേർ അറസ്റ്റിലായി.

നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജയിക്കുകയാണെങ്കിൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്റെ കുടിയേറ്റ വിരുദ്ധപ്രസ്താവനയ്ക്കെതിരേ കലിഫോർണിയയിലെ ലാറ്റിനമേരിക്കൻ കുടിയേറ്റക്കാർ പ്രതിഷേധത്തിലാണ്. ഇതാണ് സംഘർഷത്തിനു കാരണമായത്.


റിപ്പബ്ലിക്കൻ സ്‌ഥാനാർഥികൾക്ക് ഏറ്റവും കൂടുതൽ ഡെലിഗേ റ്റുകളെ ലഭിക്കുന്ന സംസ്‌ഥാനമാണ് കലിഫോർണിയ. ജൂൺ ഏഴിനാണ് ഇവിടെ പ്രൈമറി നടക്കുക. കഴിഞ്ഞ ചൊവ്വാഴ്ചത്തെ അഞ്ചു പ്രൈമറികളിലെ വിജയം നല്കിയ ആത്മവിശ്വാസത്തെത്തുടർന്ന് താൻ തന്നെയാണ് റിപ്പബ്ളിക്കൻ പ്രസിഡന്റ് സ്‌ഥാനാർഥിയെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.