നോർവെയിൽ ഹെലികോപ്റ്റർ തകർന്നു 13 മരണം
Friday, April 29, 2016 12:05 PM IST
ഓസ്ലോ: എണ്ണപ്പാടത്തിലെ തൊഴിലാളികളുമായി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ പടിഞ്ഞാറൻ നോർവെയിൽ തകർന്നു വീണു പൈലറ്റ് അടക്കം 13 പേർ മരിച്ചു. അപകടസ്‌ഥലത്തുനിന്ന് 11 മൃതദേഹങ്ങൾ കണ്ടെത്തിയതായും രണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണെന്നും ഭരണകൂടം അറിയിച്ചു.

നോർവെയിലെ തെക്കൻ സമുദ്രത്തിലെ ഗുൾഫക്സ് ബി പ്ലാറ്റ്ഫോമിൽനിന്നും തൊഴിലാളികളെ കൊണ്ടുവരും വഴിയാണ് തീരനഗരമായ ബെർഗനു സമീപം ഹെലികോപ്റ്റർ തകർന്നു വീണത്. പ്രാദേശിക സമയം ഉച്ചയോടെയായിരുന്നു ദുരന്തം. സർക്കാർ ഉടമസ്‌ഥതയിലുള്ളതാണ് എണ്ണപ്പാടം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും രണ്ടുപേർക്കായി തെരച്ചിൽ തുടരുകയാണെന്നും സോല രക്ഷാപ്രവർത്തന കേന്ദ്രം വക്‌താവ് അൻഡേഴ്സ് ബാഗ് അൻഡേഴ്സൺ പറഞ്ഞു.


ഹെലികോപ്റ്റർ കടലിൽ പതിച്ച് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. ഹെലികോപ്റ്റർ ദുരന്തം ഞെട്ടിച്ചെന്നും രക്ഷാപ്രവർത്തനം വിലയിരുത്തന്നതായും നോർവെ പ്രധാനമന്ത്രി എമ സോൾബെർഗ് ട്വീറ്റ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.