പാപുവ ന്യൂഗിനിയിൽ ഉഭയകക്ഷി കരാറിൽ രാഷ്ട്രപതി ഒപ്പുവച്ചു
പാപുവ ന്യൂഗിനിയിൽ ഉഭയകക്ഷി കരാറിൽ രാഷ്ട്രപതി ഒപ്പുവച്ചു
Friday, April 29, 2016 12:05 PM IST
<ആ>പോർട്ട് മോർസ്ബിയിൽനിന്ന് ജോർജ് കള്ളിവയലിൽ

പോർട്ട് മോർസ്ബി: ഇന്ത്യക്കാർക്കു പാപുവ ന്യൂഗിനിയിൽ വൻ തൊഴിൽസാധ്യതകൾ തുറക്കുന്ന ഉഭയകക്ഷി കരാറിൽ രാഷ്ട്രപതി പ്രണബ് മുഖർജി ഒപ്പുവച്ചു. അധ്യാപകരും നഴ്സുമാരും ഉൾപ്പടെയുള്ളവർക്ക് ഏറെ പ്രയോജനം ചെയ്യുന്ന കരാറിലാണ് ഇന്നലെ പ്രണാബ് മുഖർജിയും പാപുവ ന്യൂഗിനി ഗവർണർ ജനറൽ മൈക്കിൾ ഒഗിയോയും ഒപ്പുവച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, ഊർജ സംരക്ഷണം, കടൽ സുരക്ഷ, അടിസ്‌ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരിച്ചു പ്രവർത്തിക്കുന്നതിനുള്ള കരാറാണിത്. ഇന്ത്യൻ വ്യവസായികൾക്കു നിക്ഷേത്തിൽ സുരക്ഷ ഉറപ്പാക്കുന്ന വ്യവസ്‌ഥകളും കരാറിലുണ്ട്. ഭീകര പ്രവർത്തനം തടയുന്നതിനും ഇരു രാജ്യങ്ങളും കൈകോർത്തു നിൽക്കുന്നതിനും ധാരണയായിട്ടുണ്ട്.

പാപുവ ന്യൂഗിനിയൻ കറൻസി കിന 22 രൂപയ്ക്കു തുല്യമാണ്. വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന അധ്യാപകർക്കിവിടെ 6000 കിന വരെയാണു മാസശമ്പളം. നഴ്സിംഗ് രംഗത്തും അധ്യാപനത്തിലുമായി നിരവധി മലയാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. പാപുവ ന്യൂഗിനിയിൽ ഹരിത വിപ്ലവം സാധ്യമാക്കാൻ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ സേവനം ഉറപ്പു വരുത്താമെന്ന് രാഷ്ട്രപതി ഉറപ്പു നൽകി. രാവിലെ പാപുവ ന്യൂഗിനി സർവകലാശാലയിലെത്തിയ രാഷ്ട്രപതി പ്രണബ് മുഖർജി മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ പ്രണാമമർപ്പിച്ചു. തുടർന്നു വിദ്യാർഥികളുമായുള്ള സംവാദത്തിൽ പങ്കെടുത്തു. ഇന്ത്യയിൽ നിന്നുള്ളവരുടെയും പാപുവ ന്യൂഗിനിയിലെ വ്യവസായികളുടെയും സമ്മേളനത്തിൽ പങ്കെടുത്ത ശേഷം രാഷ്ട്രപതി രണ്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ന്യൂസീലാൻഡിലേക്കു തിരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.