നെയ്റോബിയിൽ കെട്ടിടം തകർന്ന് 17 മരണം
നെയ്റോബിയിൽ കെട്ടിടം തകർന്ന് 17 മരണം
Saturday, April 30, 2016 11:59 AM IST
നെയ്റോബി: കെനിയയുടെ തലസ്‌ഥാനമായ നെയ്റോബിയിൽ ആറുനില കെട്ടിടം തകർന്നുവീണ് 17 പേർ മരിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നു പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 134 പേരെ രക്ഷപ്പെടുത്തി. പ്രസിഡന്റ് ഉഹ്റു കെനിയാറ്റ അപകട സ്‌ഥലം സന്ദർശിച്ച് സ്‌ഥിതിഗതികൾ വിലയിരുത്തി. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയും വെള്ളപ്പൊക്കവും മൂലമാണ് കെട്ടിടം തകർന്നുവീണത്.

വടക്കുകിഴക്കൻ നെയ്റോബിയിലെ ഹുറുമയിലുള്ള കെട്ടിടമാണ് വെള്ളിയാഴ്ച രാത്രി തകർന്നുവീണത്. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായാണ് വിവരം. കെട്ടിടത്തിന് അടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. സുരക്ഷയുടെ ഭാഗമായി സമീപ വീടുകളിൽനിന്നു ആയിരത്തോളം പേരെ മാറ്റിപാർപ്പിച്ചു. കനത്ത മഴയിലും മണ്ണിടിച്ചിലിലും നെയ്റോബിയിൽ നിരവധി വീടുകൾ തകർന്നടിഞ്ഞിരുന്നു.


മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ ഇതുവരെ പതിന്നാലു പേർ മരിച്ചതായാണ് അധികൃതർ നൽകുന്ന വിവരം. റോഡുകളും മണ്ണിടിച്ചിലിൽ ഒലിച്ചു പോയതോടെ പ്രദേശങ്ങളിലെ ഗതാഗത, വാർത്താവിനിമയ സംവിധാനങ്ങൾ തടസപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.