ചൈന–ജപ്പാൻ ബന്ധത്തിൽ മഞ്ഞുരുകുന്നു
ചൈന–ജപ്പാൻ ബന്ധത്തിൽ മഞ്ഞുരുകുന്നു
Saturday, April 30, 2016 11:59 AM IST
ബെയ്ജിംഗ്: ചൈന–ജപ്പാൻ ബന്ധത്തിൽ മഞ്ഞുരുകലിനു വഴി തുറന്ന് ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തി. നാലുവർഷത്തിനുശേഷമാണ് ജപ്പാന്റെ വിദേശകാര്യമന്ത്രി ചൈനയിലെത്തുന്നത്.

ജപ്പാന്റെ മന്ത്രി ഫൂമിയോ കിഷിഡ ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമായി ദീർഘനേരം സംഭാഷണം നടത്തി. ചരിത്രത്തെ ആദരിച്ചും സംഘർഷത്തേക്കാൾ സഹകരണത്തിന് ഊന്നൽ നല്കിയും വേണം ഉഭയബന്ധങ്ങൾ എന്നു കിഷിഡോ പറഞ്ഞു. പിന്നീടു കിഷിഡോ ചൈനീസ് പ്രധാനമന്ത്രി ലി കെചിയാംഗിനെ സന്ദർശിച്ചു ചർച്ച നടത്തി.

മഞ്ഞുരുകിയെങ്കിലും വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ല. തന്മൂലം പ്രസിഡന്റ് ഷി ചിൻപിംഗിനെ കാണാൻ കിഷിഡോയ്ക്ക് അവസരം ലഭിച്ചില്ല. കിഴക്കൻ ചൈന സമുദ്രത്തിലെ ആൾപ്പാർപ്പില്ലാത്ത ചില ദ്വീപുകൾ ജപ്പാൻ ദേശസാൽക്കരിച്ച 2012ലെ നടപടിയാണു ബന്ധം ഉലച്ചത്. ചൈന ഈ ദ്വീപുകളുടെ മേൽ അവകാശവാദം ഉന്നയിച്ചിരുന്നു. പെട്രോളിയവും ധാതുക്കളും നിറഞ്ഞതാണു ദ്വീപുകൾ എന്നു കരുതപ്പെടുന്നു.


ജപ്പാൻ സെങ്കാകസ് എന്നും ചൈന ഡിയാവോയു എന്നുമാണ് ആ ദ്വീപുകളെ വിളിക്കുന്നത്. കഴിഞ്ഞവർഷം ചില അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പ്രസിഡന്റ് ഷി ചിൻപിംഗും ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയും കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ഈ വർഷം സെപ്റ്റംബറിൽ ചൈന ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നുണ്ട്. ആബെ അതിൽ പങ്കെടുക്കുന്നത് ഉറപ്പാക്കാൻ കൂടിയാണു വിദേശകാര്യമന്ത്രിമാരുടെ ചർച്ച നടന്നത്.

തെക്കൻ ചൈന കടലിൽ ചൈന കൃത്രിമ ദ്വീപുകൾ നിർമിച്ച് അവ സൈനിക താവളമാക്കാൻ ശ്രമിക്കുന്നതും പരസ്പര ബന്ധത്തെ ഉലയ്ക്കുന്ന ഘടകങ്ങളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.