ബിറ്റ്കോയിൻ സ്രഷ്ടാവ് ഓസ്ട്രേലിയക്കാരൻ
ബിറ്റ്കോയിൻ സ്രഷ്ടാവ് ഓസ്ട്രേലിയക്കാരൻ
Monday, May 2, 2016 12:01 PM IST
ലണ്ടൻ: ഒടുവിൽ സാടോഷി നകാമോട്ടോ പുറത്തുവന്നു. ഓസ്ട്രേലിയൻ സംരംഭകൻ ക്രെയ്ഗ് സ്റ്റീവൻ റൈറ്റ്. താനാണു ബിറ്റ്കോയിൻ സ്രഷ്ടാവ് നകാമോട്ടോ എന്നു റൈറ്റ് വെളിപ്പെടുത്തി. അതിനുള്ള ഡിജിറ്റൽ തെളിവുകളും നല്കി. ബിബിസി, ദി ഇക്കണോമിസ്റ്റ് വാരിക, ജിക്യു മാസിക എന്നിവയ്ക്കു സംയുക്‌തമായാണു റൈറ്റ് തന്റെ വിവരങ്ങൾ നല്കിയത്. അഞ്ചുമാസം മുമ്പ് റൈറ്റിനെ ബിറ്റ്കോയിൻ സ്‌ഥാപകനായി ചിത്രീകരിച്ചു ചില റിപ്പോർട്ടുകൾ വന്നിരുന്നു. കംപ്യൂട്ടർ സയന്റിസ്റ്റും ബിസിനസുകാരനുമായ റൈറ്റിന്റെ അവകാശവാദം ശരിയാണെന്നു ബിറ്റ്കോയിൻ സമൂഹത്തിലെ സീനിയർ അംഗങ്ങളും പറഞ്ഞു.

ഇന്റർനെറ്റിലൂടെ പ്രചരിക്കുന്ന മായാ കറൻസി (വർച്വൽ കറൻസി) ആണു ബിറ്റ്കോയിൻ. ഒരു ബിറ്റ്കോയിന് ഇപ്പോഴത്തെ വില 449 ഡോളർ (29,790 രൂപ). 155 ലക്ഷം ബിറ്റ്ബോയിൻ ആണ് ഇപ്പോൾ ഉള്ളത്. പുതിയ യുഗത്തിന്റെ കറൻസി എന്നവകാശപ്പെടുന്ന ബിറ്റ്കോയിൻ സംബന്ധിച്ചു പരാതികളും കേസുകളും ഉണ്ട്.


2009ലാണു ബിറ്റ്കോയിൻ രംഗത്തുവന്നത്. കഴിഞ്ഞ ഡിസംബറിലാണ് റൈറ്റിനെ നകാമോട്ടോ ആയി ചിത്രീകരിച്ച് വയേഡ് ഗിസ്മോഡേ, മാസികകൾ പുറത്തുവന്നത്. അപ്പോൾ റൈറ്റ് ഒന്നും പറഞ്ഞില്ല.

17–ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജാപ്പനീസ് തത്വചിന്തകനും വ്യാപാരിയുമായ ടോമിനാഗ നകാമോട്ടോയുടെ പേരാണു റൈറ്റ് തന്റെ വ്യാജപേരായി സ്വീകരിച്ചത്. ഗൂഢഭാഷാ രചയിതാവ് ഹാൾ ഫിന്നേയും മറ്റുമാണു ബിറ്റ്കോയിൻ ആശയം ഉപയോഗിച്ചുള്ള പ്രോഗ്രാം തയാറാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.