ഗൂഢാലോചനക്കാർ ഉണ്ടെന്നു ഷി
ഗൂഢാലോചനക്കാർ ഉണ്ടെന്നു ഷി
Wednesday, May 4, 2016 11:39 AM IST
ബെയ്ജിംഗ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അധികാര വടംവലി ഇല്ലെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്. എന്നാൽ പാർട്ടിയെ തകർക്കാൻ ഗൂഢാലോചനക്കാർ ഉണ്ടെന്നു പാർട്ടി ജനറൽ സെക്രട്ടറികൂടിയായ ഷി പറഞ്ഞു.

ഏതാനും നാൾ മുമ്പ് ഒരു പാർട്ടിയോഗത്തിൽ പ്രസംഗിക്കുമ്പോഴാണു ഷിയുടെ ഈ പരാമർശം. കമ്യൂണിസ്റ്റ് പാർട്ടിയിൽ ചില്ലറയല്ലാത്ത പ്രശ്നങ്ങൾ ഉണ്ടെന്നതിന്റെ തുറന്നുപറച്ചിലായി ഇതു വ്യാഖ്യാനിക്കപ്പെടുന്നു. ഔദ്യോഗിക വാർത്താ ഏജൻസി സിൻഹുവയാണു പ്രസംഗത്തിന്റെ പ്രസക്‌ത ഭാഗങ്ങൾ പുറത്തുവിട്ടത്.

പാർട്ടിയിൽ ക്ലിക്കുകളും സംഘങ്ങളും ഉണ്ടെന്നു ഷി സമ്മതിച്ചു. ഇവ ഉള്ളതു പാർട്ടിയുടെയും രാജ്യത്തിന്റെയും രാഷ്ട്രീയ സുരക്ഷയെ ബാധിക്കുന്നു. ഇവ ഇല്ലെന്നു നടിച്ചതുകൊണ്ടായില്ല. ഈ പ്രശ്നം ഇല്ലാതാക്കാൻ ദൃഢപ്രതിജ്‌ഞ എടുക്കുകയാണു വേണ്ടത്: അദ്ദേഹം പറഞ്ഞു.

സമീപകാലത്തെ ഷിയുടെ പല തീരുമാനങ്ങളും അധികാരവടംവലിയുടെ സൂചനയാണു നല്കുന്നതെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കമ്യൂണിസ്റ്റ് യൂത്ത് ലീഗിന്റെ ബജറ്റ് വിഹിതം പകുതിയാക്കി കുറച്ചതും അവരുടെ പഠനകോഴ്സുകൾ ചുരുക്കിയതും എതിർ ഗ്രൂപ്പുകാരെ ലക്ഷ്യമിട്ടാണത്രെ. മുൻ പ്രസിഡന്റ് ഹു ജിന്റാവോയും പ്രധാനമന്ത്രി ലി കെചിയാംഗുമൊക്കെ യൂത്ത് ലീഗിൽനിന്നാണു ശക്‌തി സംഭരിച്ചിരുന്നത്. ആ പക്ഷക്കാരെ ദുർബലപ്പെടുത്താനാണു ഷി ശ്രമിക്കുന്നത്.


ഷി പുതിയ ഔദ്യോഗികപദവികൾ സ്വീകരിച്ചതും അധികാരവടംവലിയുടെ ഫലമാണെന്നാണു വ്യാഖ്യാനം. ദേശീയ സുരക്ഷാ കമ്മീഷൻ, സമഗ്ര പരിഷ്കാരത്തിനുള്ള ഗ്രൂപ്പ് എന്നിവയുടെ ചെയർമാൻ സ്‌ഥാനം ഈയിടെ ഷി ഏറ്റെടുത്തിരുന്നു.

തനിക്കു സൈന്യത്തിന്റെ പിൻബലമുണ്ടെന്ന് എതിരാളികളെ ധരിപ്പിക്കാനാകാം കൂടുതൽ സൈനികപദവികൾ ഏറ്റെടുക്കുന്നതെന്നാണു പലരും കരുതുന്നത്. ശക്‌തരായ നേതാക്കൾക്ക് ഇത്രയും പദവികൾ ഇല്ലാതെതന്നെ കരുത്തരായി അറിയപ്പെടാമല്ലോ എന്നു പലരും ചോദിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.