ഫ്രാൻസിൽ ആക്രമണപരമ്പരയ്ക്ക് ഐഎസ് പദ്ധതിയിടുന്നു
Thursday, May 19, 2016 12:15 PM IST
പാരീസ്: ഫ്രാൻസിൽ പരക്കേ ആക്രമണത്തിന് ഐഎസ് പദ്ധതിയിടുന്നതായി ഫ്രഞ്ച് ഇന്റലിജൻസ് മേധാവി പാട്രിക് കാൽവർ പറഞ്ഞു. അടുത്തമാസം നടക്കുന്ന യൂ റോ സോക്കർ ചാമ്പ്യൻഷിപ്പിനു ഫ്രാൻസ്് ആതിഥ്യം വഹിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷയെക്കുറിച്ച് പാർലമെന്റിന്റെ പ്രതിരോധ കമ്മിറ്റിയിൽ മൊഴി നൽകുകയായിരുന്നു അദ്ദേഹം.

ജനങ്ങൾ തടിച്ചുകൂടുന്നയിടങ്ങളിൽ സ്ഫോടകവസ്തുക്കൾ കൊണ്ടുപോയി വച്ചശേഷം പൊട്ടിക്കാനാണു പദ്ധതി. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ഇതേവിധത്തിൽ ആക്രമണം നടത്തും. രാജ്യമാസകലം പരിഭ്രാന്തി പരത്താൻ ഇതുമൂലം സാധിക്കുമെന്നാണ് ഐഎസിന്റെ കണക്കുകൂട്ടലെന്നും കാൽവർ ചൂണ്ടിക്കാട്ടി.

ഇറാക്കിലും സിറിയയിലുമായി ഐഎസിൽ ചേർന്നു പ്രവർത്തിക്കുന്ന ഫ്രഞ്ചുകാരുടെ എണ്ണം 600ൽ അധികമാണ്. ഇവരിൽ ചിലരെ ഉപയോഗിച്ച് എളുപ്പത്തിൽ ആക്രമണം നടത്താൻ ഐഎസിനാവും.


ജൂൺ പത്തിന് ആരംഭിക്കുന്ന യൂറോ 2016 സോക്കർ ടൂർണമെന്റ് ഒരു മാസം ദീർഘിക്കും. ഫ്രാൻസിന്റെ വിവിധ ഭാഗങ്ങളിലുള്ള പത്തു സ്റ്റേഡിയങ്ങളിലാണു മത്സരം നടക്കുക. 25ലക്ഷം പേരെങ്കിലും കാണികളായി എത്തുമെന്നാണു കണക്ക്. ഇവരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നാണു സൂചന.

ആറുമാസം മുമ്പ് പാരീസിൽ കഫേയിലും ഫുട്ബോൾ സ്റ്റേഡിയത്തിലും റസ്റ്റോറന്റിലും ബാറിലും മറ്റുമായി ഐഎസ് ഭീകരർ നടത്തിയ ആക്രമണങ്ങളിൽ 130 പേർക്കു ജീവഹാനി നേരിട്ടു. കാൽവറുടെ മുന്നറിയിപ്പിനെക്കുറിച്ചുള്ള ചോദ്യത്തിനു സർക്കാർ സുരക്ഷ വർധിപ്പിക്കുമെന്നു പ്രധാനമന്ത്രി മാനുവൽ വാലസ് വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.