ജീസസ് യൂത്തിന് ആഗോള കത്തോലിക്കാ സഭയുടെ അംഗീകാരം
ജീസസ് യൂത്തിന് ആഗോള കത്തോലിക്കാ സഭയുടെ അംഗീകാരം
Friday, May 20, 2016 11:14 AM IST
വത്തിക്കാൻസിറ്റി: ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളുടെ അവസാനം കേരളത്തിൽ രൂപീകൃതമായ അന്താരാഷ്ട്ര കത്തോലിക്കാ യുവജനമുന്നേറ്റമായ ജീസസ് യൂത്തിന് ആഗോള കത്തോലിക്കാ സഭയുടെ കാനോനിക അംഗീകാരം ലഭിച്ചു. ഇന്നലെ പ്രാദേശികസമയം രാവിലെ 11ന് പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെയ്റ്റി ഹാളിൽ നടന്ന ചടങ്ങിൽ കൗൺസിൽ സെക്രട്ടറി ബിഷപ് ഡോ. ജോസഫ് ക്ലെമൻസ് ഫ്രാൻസിസ് മാർപാപ്പ ഒപ്പിട്ട അംഗീകാരപത്രം ജീസസ് യൂത്ത് ഇന്റർനാഷണൽ കോ–ഓർഡിനേറ്റർ സി.സി. ജോസഫിനു കൈമാറി.

വത്തിക്കാന്റെ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും ഏഷ്യയിലെ രണ്ടാമത്തേതുമായ അല്മായ മുന്നേറ്റമാണ് ജീസസ് യൂത്ത്. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ ഉൾപ്പെടെയുള്ള മൂന്നു മാർപാപ്പമാരുടെ കാലത്തായി പത്തിലധികം വർഷങ്ങൾ നീണ്ടുനിന്ന സഭാ നടപടിക്രമങ്ങൾക്കൊടുവിലാണു വത്തിക്കാൻ ജീസസ് യൂത്തിന്റെ മാർഗരേഖ അംഗീകരിച്ചത്. മുപ്പത് രാജ്യങ്ങളിൽനിന്ന് അൻപതിലധികം വരുന്ന ജീസസ് യൂത്ത് പ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കാൻ വത്തിക്കാനിലെത്തിയിരുന്നു. നാഗ്പൂർ ആർച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങര, ജീസസ് യൂത്തിന്റെ ആരംഭകരിലൊരാളായ ഡോ. എഡ്വേർഡ് എടേഴത്ത്, ജീസസ് യൂത്ത് ഇന്റർനാഷണൽ ഫോർമേഷൻ ഡയറക്ടർ മനോജ് സണ്ണി, ജീസസ് യൂത്ത് ഇന്റർനാഷണൽ മുൻ കോ–ഓർഡിനേറ്റർ റൈജു വർഗീസ്, ഡോ. ചാക്കോച്ചൻ ഞാവള്ളിൽ തുടങ്ങിയവർ നേതൃത്വം നല്കി.


ഇന്റർനാഷണൽ ചാപ്ളൈൻ ഫാ. ബിറ്റാജു, ഫാ. തോമസ് തറയിൽ, ഫാ. ഷിബു ഒസിഡി, ഫാ. ചെറിയാൻ നേരേവീട്ടിൽ, ഫാ. ബിനു, ഫാ. റോബിൻസൺ, ഫാ. അജി മൂലേപ്പറമ്പിൽ, നാഷണൽ കോ–ഓർഡിനേറ്റർ ഷോയി തോമസ്, കേരള കോ–ഓർഡിനേറ്റർ മിഥുൻ പോൾ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.