വൈറ്റ്ഹൗസിനു സമീപം തോക്കുധാരിയെ വെടിവച്ചു വീഴ്ത്തി
Saturday, May 21, 2016 12:16 PM IST
വാഷിങ്ടൺ: വൈറ്റ്ഹൗസിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച തോക്കുധാരിയെ യുഎസ് രഹസ്യപ്പോലീസ് ഭടന്മാർ വെടിവച്ചുവീഴ്ത്തി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണു സംഭവം.
ചെക്ക്പോയിന്റിൽ തോക്കുമായി കാണപ്പെട്ട യുവാവിനോടു ആയുധം താഴെവയ്ക്കാൻ സൈനികർ ആവശ്യപ്പെട്ടു. വിസമ്മതിച്ചതിനെത്തുടർന്നു വെടിവയ്ക്കുകയായിരുന്നു.

പരിക്കേറ്റ യുവാവിനെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ചു. പെൻസിൽവാനിയക്കാരനായ ജെസെ ഒലിവേരിയാണ് അക്രമിയെന്നു പോലീസ് അറിയിച്ചു. വൈറ്റ് ഹൗസ് 45 മിനിറ്റ് സമയത്തേക്ക് അടച്ചിട്ടു.

സംഭവം നടക്കുമ്പോൾ പ്രസിഡന്റ് ബറാക് ഒബാമ ഗോൾഫ് കളിക്കാൻ പുറത്തുപോയിരിക്കുകയായിരുന്നു.

വൈസ് പ്രസിഡന്റ് ബൈഡൻ വൈറ്റ്ഹൗസ് സമുച്ചയത്തിലുണ്ടായിരുന്നുവെന്നും അദ്ദേഹം സുരക്ഷിതനാണെന്നും അധികൃതർ വ്യക്‌തമാക്കി. വൈറ്റ്ഹൗസിൽ ഇതിനുമുമ്പും സുരക്ഷാവീഴ്ചയുണ്ടായിട്ടുണ്ട്.

2014 സെപ്റ്റംബറിൽ കത്തിയുമായി ഒരാൾ വൈറ്റ്ഹൗസിൽ കടന്നു. 2015ൽ മദ്യപിച്ച് വാഹനം ഓടിച്ചയാൾ ബാരിക്കേടു തകർത്ത് വൈറ്റ്ഹൗസ് വളപ്പിൽ കടന്ന സംഭവവുമുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.