ഇറാക്കിലെ ഗ്രീൻസോണിൽ അക്രമം; നാലുമരണം
Saturday, May 21, 2016 12:16 PM IST
ബാഗ്ദാദ്: ഇറാക്കിൽ ഭരണസിരാകേന്ദ്രമായ ഗ്രീൻസോണിലേക്ക് ഇരച്ചുകയറിയ പ്രതിഷേധ പ്രകടനക്കാരെ സൈന്യം തുരത്തി. ഏറ്റുമുട്ടലിൽ നാലുപേർ കൊല്ലപ്പെടുകയും 90 പേർക്കു പരിക്കേൽക്കുകയും ചെയ്തു.

മൂന്നാഴ്ചയ്ക്കുള്ളിൽ രണ്ടു തവണയാണ് അതീവസുരക്ഷാ മേഖലയായ ഗ്രീൻസോണിൽ ജനക്കൂട്ടം അതിക്രമിച്ചുകടക്കുന്നത്. തലസ്‌ഥാനനഗരിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സർക്കാരിന്റെ ശേഷിയെ ചോദ്യം ചെയ്യുന്നതാണ് ഈ നടപടി.

അഴിമതി നിർമാർജനം ചെയ്യുന്നതിനും ഭരണപരിഷ്കാരം ഏർപ്പെടുത്തുന്നതിനും സർക്കാർ തയാറാവാത്തതിൽ പ്രതിഷേധിച്ചാണ് ഷിയാ പുരോഹിതൻ മുക്‌താദ അൽ സദറിന്റെ അനുയായികൾ ഉൾപ്പെടെയുള്ളവർ ഹൈദർ അൽ അബാദി സർക്കാരിനെതിരേ സമരരംഗത്തിറങ്ങിയത്. സമരക്കാർക്ക് എതിരേ സർക്കാർ അമിത ബലപ്രയോഗം നടത്തിയെന്നു സദറിന്റെ രാഷ്ര്‌ടീയ പ്രസ്‌ഥാനത്തിന്റെ ഉപനേതാവ് ജാഫർ അൽ മൂസാവി പറഞ്ഞു.


ഇതേസമയം, ഗ്രീൻസോണിലേക്കു മാർച്ചു നടത്തിയതിനെ പ്രധാനമന്ത്രി ഹൈദർ അൽ അബാദി അപലപിച്ചു. ഐഎസിനെ നേരിടാൻ സർക്കാർ സർവശക്‌തിയും പ്രയോഗിക്കുമ്പോൾ ഇത്തരത്തിലുള്ള സമരങ്ങൾ ആശയക്കുഴപ്പത്തിനു മാത്രമേ ഉതകുകയുള്ളുവെന്നും അൽ അബാദി ചൂണ്ടിക്കാട്ടി. ഗ്രീൻസോണിലെ സംഭവവികാസങ്ങളിൽ യുഎന്നും ആശങ്ക പ്രകടിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.