ജർമനിയിൽ മലയാളിവിദ്യാർഥികളെ ആക്രമിച്ചു; തലയ്ക്കടിയേറ്റ് ഒരാൾ ആശുപത്രിയിൽ
Saturday, May 21, 2016 12:27 PM IST
<ആ>സ്വന്തം ലേഖകൻ

ബോൺ: ജർമനിയിൽ ഉപരിപഠനത്തിനെത്തിയ മലയാളി വിദ്യാർഥികളെ തദ്ദേശീയരുടെ സംഘം ആക്രമിച്ചു. മുൻതലസ്‌ഥാനമായ ബോൺ നഗരത്തിനടുത്തുള്ള ബാഡ്ഹൊന്നെഫിലെ ഐയുബിച്ച് യൂണിവേഴ്സിറ്റിയിൽ എംബിഎ ഇന്റർനാഷണൽ മാനേജ്മെന്റിൽ ഉപരിപഠനം നടത്തുന്ന പെരുമ്പാവൂർ സ്വദേശി ജോമോൻ ജോർജ്, കോഴിക്കോട് സദേശി അരുഷ്, പാലാ സ്വദേശി ടോബിൻ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തിൽ തലയ്ക്കടിയേറ്റ ജോമോൻ ജോർജ് ഇപ്പോൾ സീബൻഗെബിർഗ് ആശുപത്രിയിൽ ചികിത്സയിലാണ്. നിങ്ങൾ ഇന്ത്യക്കാരാണോ എന്നു ചോദിച്ചുകൊണ്ടാണ് ഈ സംഘം കയർത്തതെന്നു വിദ്യാർഥികൾ പറഞ്ഞു.

അക്രമികളിൽ ഒരാൾ പിന്നിൽനിന്നു ബിയർകുപ്പികൊണ്ട് ജോമോന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ആക്രമണം നടക്കുമ്പോൾത്തന്നെ സുഹൃത്തുക്കൾ എമർജൻസി നമ്പരിൽ പോലീസിനെ വിളിച്ചു. ഉടൻതന്നെ പോലീസ് സ്‌ഥലത്തെത്തി അക്രമികളിൽ ഒരാളെ പിടികൂടി. ഇയാൾക്കെതിരേ ബാഡ് ഹൊന്നെഫ്, എഗിഡിയൻബർഗ് പോലീസ് കേസെടുത്തിട്ടുണ്ട്. അടിയേറ്റു തലയ്ക്കു പൊട്ടലുണ്ടായ ജോമോനെ സുഹൃത്തുക്കൾ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണ വിവരം യൂണിവേഴ്സിറ്റിയിലും ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റിലും ധരിപ്പിച്ചതായി ജോമോൻ ലേഖകനോടു പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജോമോനെ സന്ദർശിക്കാൻ തിങ്കളാഴ്ചയോടെ കോൺസുലർ വിഭാഗം എത്തുമെന്ന് അറിയിച്ചതായി ജോമോൻ പറഞ്ഞു.

സംഭവത്തിലുള്ള ആശങ്കയും പ്രതിഷേധവും ഇന്ത്യൻ കോൺസുലർ മുഖേന ജർമൻ വിദേശകാര്യ വകുപ്പിനെയും ആഭ്യന്തര വകുപ്പിനെയും അറിയിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. എന്നാൽ, സംഭവത്തെപ്പറ്റി പ്രദേശിക പോലീസ് കേസെടുത്തതല്ലാതെ മറ്റൊന്നും പ്രതികരിച്ചിട്ടില്ല.


വ്യാഴാഴ്ച വൈകുന്നേരം യൂണിവേഴ്സിറ്റി കാമ്പസിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത ഇവർ രാത്രി 11നു ഹോസ്റ്റലിലേക്കു പോകുമ്പോഴാണു പ്രകോപനമില്ലാതെ ഇവർക്കെതിരേ അക്രമിസംഘം തിരിഞ്ഞത്. റോഡിൽ നിന്നിരുന്ന സംഘത്തിൽനിന്ന് അഞ്ചു പേരാണ് ഇവരുടെ നേർക്ക് ആക്രോശവുമായി എത്തിയത്. മൂവരെയും തടഞ്ഞുനിർത്തി ചോദ്യംചെയ്തതിനു ശേഷമാണു മർദിച്ചത്. അക്രമിസംഘത്തിലെ എല്ലാവരും മദ്യലഹരിയിലായിരുന്നു.

ഈ മേഖലയിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് അറിയുന്നത്. ബാഡ് ഹൊന്നെഫിലെ ഐയുബിച്ച് എന്നത് ഒരു സ്വകാര്യ യൂണിവേഴ്സിറ്റിയാണ്. ഇവിടെ ഇപ്പോൾ ഏതാണ്ട് നൂറോളം മലയാളി വിദ്യാർഥികൾ ഉപരിപഠനം നടത്തുന്നുണ്ട്. നേരത്തെയും ഇവിടെ മലയാളി വിദ്യാർഥികൾക്കെതിരേ വംശീയ അതിക്രമം നടന്നിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് രാത്രി മലയാളി വിദ്യാർഥികൾക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടികളോടു തദ്ദേശീയർ അപമര്യാദയായി സംസാരിച്ചതായും കൈയേറ്റത്തിനു ശ്രമിച്ചതായും പരാതിയുണ്ട്.

ബോണിനടുത്തുള്ള ഒരു ചെറിയ ഗ്രാമമായ ബാഡ് ഹൊന്നെഫ് പ്രദേശത്ത് ഇത്തരം പ്രശ്നങ്ങൾ ഉള്ളതിനാലാവും ഈ ഭാഗങ്ങളിൽ മലയാളികൾ അധികം താമസിക്കുന്നില്ല.

എറണാകുളം പെരുമ്പാവൂർ വേണ്ടൂർ ആലേറ്റുകുടിയിൽ കുടുംബാംഗമായ ജോമോൻ വിവാഹിതനാണ്. ജർമനിൽ ഒപ്പമുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ പ്രസവത്തിനായി ഇപ്പോൾ നാട്ടിൽ മുണ്ടക്കയത്താണ്. കൊളോണിലെ പോർസിൽ താമസിക്കുന്ന കാനാച്ചേരി തോമസിന്റെ അനുജന്റെ മരുമകനാണ് ജോമോൻ. തോമസും കുടുംബവും ഇപ്പോൾ അവധിക്കായി നാട്ടിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.