12 കരാറുകളിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു
12 കരാറുകളിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു
Monday, May 23, 2016 12:39 PM IST
ടെഹ്റാൻ: ഇറാനിലെ തെക്കുകിഴക്കൻ തുറമുഖ നഗരമായ ചബാഹറിന്റെ വികസനമുൾപ്പെടെ 12 സുപ്രധാന കരാറുകളിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി, അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഘനി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവച്ചത്. ഇന്ത്യ–ഇറാൻ–അഫ്ഗാനിസ്‌ഥാൻ എന്നീ രാജ്യങ്ങളുടെ ത്രികക്ഷി കരാറാണിത്. തുറമുഖ വികസനത്തിന് ഇന്ത്യ 50 കോടി ഡോളർ നല്കുമെന്നു കരാറൊപ്പിട്ടശേഷം നരേന്ദ്ര മോദി പറഞ്ഞു.

ചബഹാറിലെ സ്വതന്ത്ര വ്യാപാരമേഖലയിൽ ഉരുക്കുനിർമാണ കേന്ദ്രവും യൂറിയ പ്ലാന്റും ഉൾപ്പെടെയുള്ളവ ഇന്ത്യ നിർമിക്കും. 2001ൽ ഗുജറാത്തിൽ ഭൂകമ്പമുണ്ടായപ്പോൾ ആദ്യം സഹായവാഗ്ദാനം ചെയ്തത് ഇറാനാണെന്നും മോദി കൂട്ടിച്ചേർത്തു.

തുറമുഖ വികസനത്തിനായി ഇന്ത്യ പോർട്സ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡും ഇറാനിലെ ആര്യ ബനാദറും അഞ്ചു കരാറുകളിലാണ് ഒപ്പുവച്ചത്. ഭീകരവാദത്തെ ഒന്നിച്ചുനേരിടാനും രഹസ്യവിവരങ്ങൾ കൈമാറാനും ഉഭയകക്ഷി ചർച്ചയിൽ ധാരണയായി. സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്നു കടത്ത് എന്നിവയെ ഫലപ്രദമായി നേരിടും. വാണിജ്യം, ഊർജം, വിദ്യാഭ്യാസം, സാംസ്കാരികം, റെയിൽ, പ്രതിരോധം സമുദ്രസുരക്ഷ എന്നീ മേഖലകളുടെ വികസനവും കരാറിലുണ്ട്. ആഗോള ഭീകരവാദം ഉൾപ്പെടെയുള്ള രാജ്യസുരക്ഷയെ സംബന്ധിക്കുന്ന വിഷയങ്ങളിൽ ഗൗരവമായി ചർച്ച നടത്തിയെന്നും ഇറാനുമായി ചരിത്രപരമായ സൗഹൃദമാണുള്ളതെന്നും മോദി പറഞ്ഞു.


ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക–വ്യാപാര ബന്ധത്തിന്റെ പ്രതീകമായി ചബാഹർ തുറമുഖം നിലകൊള്ളുമെന്നു സംയുക്‌ത പത്രസമ്മേളനത്തിൽ റുഹാനി പറഞ്ഞു. മധ്യ ഏഷ്യയിലെ സാമ്പത്തിക ഊർജകേന്ദ്രമെന്നാണ് റുഹാനി ഇന്ത്യയെ വിശേഷിപ്പിച്ചത്. ഇറാനുമേലുള്ള സാമ്പത്തിക ഉപരോധം എടുത്തുകളഞ്ഞതോടെ ഇന്ത്യയുമായി സാമ്പത്തിക ബന്ധം കൂടുതൽ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നു റുഹാനി കൂട്ടിച്ചേർത്തു.

ഇറാനിലെ തുറമുഖ നഗരമായ ചബാഹാറിനെ അഫ്ഗാനിസ്‌ഥാനിലെ സറൻജ് നഗരവുമായി ബന്ധിപ്പിക്കുന്ന ചബാഹർ–സഹേദൻ– സറൻജ് ഇടനാഴിയും വികസന പദ്ധതിയിലുണ്ട്. ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനിയുടെ ഔദ്യോഗികവസതിയായ സദാബാദ് പാലസിൽ ഗംഭീര സ്വീകരണമാണു മോദിക്കു നല്കിയത്. ഇരുരാജ്യങ്ങളുടെയും ദേശീയഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു ഗാർഡ് ഓഫ് ഓണർ ചടങ്ങ്. ശേഷം പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി.

രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് മോദി ഇറാനിലെ ത്തിയത്. ഇറാനിലെ ഇന്ത്യൻ സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്ത മോദി, ടെഹ്റാനിലെ ഗുരുദ്വാര സന്ദർശിച്ചു. ഇറാനിലെ പരമോന്നത ആത്മീയ നേതാവ് ആയത്തുള്ള സയ്യിദ് അലി ഹുസൈനി ഖമേനിയുമായി കൂടിക്കാഴ്ച നടത്തി. 15 വർഷത്തിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇറാൻ സന്ദർശിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.