വിഖ്യാത ചലച്ചിത്രകാരൻ പോൾ കോക്സ് അന്തരിച്ചു
വിഖ്യാത ചലച്ചിത്രകാരൻ പോൾ കോക്സ് അന്തരിച്ചു
Sunday, June 19, 2016 10:49 AM IST
സിഡ്നി: സ്വതന്ത്രസിനിമയെന്ന ആശയവുമായി ലോക സിനിമയിൽ കൈയൊപ്പു ചാർത്തിയ പ്രശസ്ത ഓസ്ട്രേലിയൻ സംവിധായകൻ പോൾ കോക്സ് (76) ഓർമയായി. 1940 ൽ നെതർലൻഡ്സിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് വിം കോക്സ് പ്രമുഖ ഫോട്ടോഗ്രാഫറും ഡോക്യുമെന്ററി സംവിധായകനുമായിരുന്നു. വളരെ ചെറുപ്പം മുതൽ തന്നെ കോക്സിന് ക്യാമറ വലിയ ഇഷ്‌ടമായിരുന്നു. മകന്റെ താത്പര്യം തിരിച്ചറിഞ്ഞ അച്ഛനാവട്ടെ മകനു കളിപ്പാട്ടങ്ങൾക്കു പകരം വാങ്ങി നൽകിയത് കാമറയായിരുന്നു. ചെറുപ്പകാലത്ത് അദ്ദേഹം അച്ഛനൊപ്പം സഹായിയായി പ്രവർത്തിച്ചു തുടങ്ങി. അക്കാലത്തു വളരെ ദരിദ്ര രാജ്യമായിരുന്നു നെതർലൻഡ്സ്. സ്റ്റിൽ ഫോട്ടോഗ്രഫിയെക്കുറിച്ചു കൂടുതൽ പഠിക്കണമെങ്കിൽ ഓസ്ട്രേലിയപോലുള്ള വികസിത രാജ്യങ്ങളിൽ പോകണമായിരുന്നു. അതിനുള്ള സാമ്പത്തിക സ്‌ഥിതി തന്റെ അച്ഛനില്ലെന്ന് അറിയാമായിരുന്ന പോൾ തന്റെ ആഗ്രഹം മനസിൽ സൂക്ഷിച്ചതേയുള്ളൂ. എന്നാൽ, ഈ ആഗ്രഹം മനസിലാക്കിയ പിതാവ് തന്റെ ആകെയുള്ള സ്വത്തിന്റെ ഒരു ഭാഗം പണയംവച്ചു പോളിനെ ഫോട്ടോഗ്രഫി പഠിക്കാൻ ഓസ്ട്രേലിയയിലേക്കയച്ചു. അദ്ദേഹത്തിന്റെ പ്രതീക്ഷ തെറ്റിയില്ല. മകൻ വിശ്വപ്രസിദ്ധിയാർജിച്ചു വളരുന്നതു കാണാൻ അദ്ദേഹത്തിനു ഭാഗ്യം ലഭിച്ചു.

ലോൺലി ഹാർട്ട് (1982), മാൻ ഓഫ് ഫ്ളവേഴ്സ് (1983), മൈ ഫസ്റ്റ് വൈഫ് (1984), എ വുമൺസ് ടെയ്ൽ (1992), ഇന്നസെൻസ് (2000), ഹ്യൂമൻ ടച്ച് (2004), സാൽവേഷൻ (2008) തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം ലോകമെമ്പാടും ആരാധകരെ സൃഷ്‌ടിച്ചു.

മലയാളിയെ സംബന്ധിച്ചു പോൾ കോക്സ് എന്ന സംവിധായൻ അപരിചിതനല്ല. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന മലയാളി ചലച്ചിത്രാസ്വാദകർ കോക്സിനെ ഒരു വിദേശിയായിട്ടല്ല കണ്ടിരുന്നത്.

കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ സ്‌ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. ഇന്ത്യ പോലെ ഇത്രയേറെ വൈവിധ്യ ചലച്ചിത്ര സംസ്കാരമുള്ള ഒരു രാജ്യമില്ലെന്ന് ഒരിക്കൽ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ലോകപ്രശസ്ത ഇന്ത്യൻ ചലച്ചിത്രകാരൻമാരുമായി അദ്ദേഹത്തിന് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.

ഒരിക്കൽ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കെത്തിയ അദ്ദേഹം മലയാളികൾക്കു വലിയൊരു വാഗ്ദാനം നൽകി. ഒരു സിനിമ ചിത്രീകരിക്കാനായി കേരളത്തിൽ വരുമെന്ന പ്രഖ്യാപനം. അത് വെറും വാക്കായിരുന്നില്ല. അദ്ദേഹം എത്തി. ചിത്രീകരിച്ചത് അദ്ദേഹത്തിന്റെ അവസാന ചിത്രമായിരുന്നു എന്നതാണ് ഏറെ ദുഃഖകരം. ഫോഴ്സ് ഓഫ് ഡെസ്റ്റിനി എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ഇത് മലയാളികൾക്ക് ഒരു വിദേശ സിനിമയായിരുന്നില്ല. കാരണം, ചിത്രത്തിന്റെ അണിയറയിൽ നിരവധി മലയാളികളെ അദ്ദേഹം സഹകരിപ്പിച്ചു എന്നതാണ്. മലയാളിയായ ദിനേശ് പണിക്കർ ഈ സിനിമയിൽ അഭിനയിച്ചു. സിനിമയുടെ ചമയവുമായി ബന്ധപ്പെട്ടു പട്ടണം റഷീദും സഹകരിച്ചു. തീർന്നില്ല, മലയാളികൾ നെഞ്ചേറ്റിയ ഓമന തിങ്കൾ കിടാവോ എന്നു തുടങ്ങുന്ന ഗാനം അദ്ദേഹം തന്റെ സിനിമയിൽ ഉൾപ്പെടുത്തിയെന്നതാണ് ഏറെ ശ്രദ്ധേയം. ഇതു പാടിയതാവട്ടെ ഡോ. ഓമനക്കുട്ടിയും. കേരളത്തിന്റെ തനതു കലയായ മോഹിനിയാട്ടവും അദ്ദേഹം ഫോഴ്സ് ഓഫ് ഡെസ്റ്റിനിയിൽ സന്നിവേശിപ്പിച്ചു. ഇതിന്റെ നിർമാണ പങ്കാളിയായും ഒരു മലയാളിയുണ്ടായിരുന്നു ബേബി മാത്യു സോമതീരം. സിനിമയുടെ റിലീസിനു ശേഷം അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു കാര്യംകൂടി പറഞ്ഞു. ഫോഴ്സ് ഓഫ് ഡെസ്റ്റിനി എന്ന സിനിമ തന്റെ തന്നെ ജീവിത കഥയാണെന്ന സത്യം. ഭാര്യയുമായുള്ള വേർപിരിയലും കരൾ രോഗബാധിതനാവുന്നതും ഏകാന്തജീവിതത്തിലേക്കു തള്ളപ്പെടുന്നതും തുടർന്നു ശസ്ത്രക്രിയയ്ക്കു വിധേയനാവുന്നതും പിന്നീട്, മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാവുന്നതുമൊക്കെ അദ്ദേഹം ഫോഴ്സ് ഓഫ് ഡെസ്റ്റിനിയിലൂടെ പുറംലോകത്തെ അറിയിച്ചു. 2015 ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. പിന്നീട്, അദ്ദേഹം കൂടുതൽ രോഗഗ്രസ്‌ഥനായതോടെ ചലച്ചിത്ര രംഗത്തു നിന്നു പിൻവാങ്ങുകയായിരുന്നു. കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മത്സരവിഭാഗം ജൂറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.


ബ്ലെസിയുടെ മോഹൻലാൽ ചിത്രമായ പ്രണയം പോൾ കോക്സിന്റെ ഇന്നസെൻസ് എന്ന ചിത്രത്തിന്റെ പകർപ്പാണെന്ന ആരോപണം ജനശ്രദ്ധ നേടിയിരുന്നു. പ്രണയം കാണാൻ പോൾ കോക്സ് താത്പര്യം കാണിക്കുകയും കാണുകയും ചെയ്തിരുന്നു. 1999 ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. പക്ഷേ, ബ്ലെസിയുടെ ചിത്രം കണ്ട കോക്സ് പറഞ്ഞതു വളരെ രസകരമായിരുന്നു.”” ഞാൻ ചിത്രീകരിച്ചത് ലോകത്തിൽ നടന്നിട്ടുള്ള കാര്യമാണ്. എനിക്കു നേരിട്ടറിയാവുന്ന കാര്യവും. അതു മറ്റൊരാൾക്കും അനുഭവവേദ്യമായിട്ടുണ്ടാവാം. അതിലെ സാമ്യതയ്ക്കു കാരണം അയാളും (ബ്ലസി) ജീവിതത്തിൽ നിന്നു സിനിമ സൃഷ്‌ടിക്കാൻ ശ്രമിച്ചതിലൂടെയാണ്. അത് എന്റെ, സിനിമയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടതാണെങ്കിലും സാരമില്ല. ജീവിതത്തിനു ലോകത്തിന്റെ ഏതു ഭാഗത്തും നിരവധി സാമ്യങ്ങളുണ്ടാവുക സ്വാഭാവികം. അത് ആദ്യം സിനിമയാക്കിയത് ഞാനായിരിക്കാം. ഒരു പക്ഷേ, ഞാനറിയാത്ത, എന്നെ അറിയാത്ത മറ്റൊരു ചലച്ചിത്രകാരൻ ഈ വിഷയത്തിൽ സിനിമയെടുത്തിട്ടുണ്ടോ എന്ന് ആർക്കറിയാം’’–അദ്ദേഹം പറഞ്ഞു. ഈ പ്രതികരണത്തോടെ പ്രണയവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ കെട്ടടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.