ചരിത്രം കുറിച്ച് റോമിനു വനിതാ മേയർ
ചരിത്രം കുറിച്ച് റോമിനു വനിതാ മേയർ
Monday, June 20, 2016 11:56 AM IST
റോം: റോമിന്റെ മൂവായിരം വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് വിഖ്യാത നഗരത്തിന് ആദ്യ വനിതാ മേയർ. പ്രധാനമന്ത്രി മറ്റെയോ റെൻസി നേതൃത്വം നൽകുന്ന ഡെമോക്രാറ്റിക് പാർട്ടി സ്‌ഥാനാർഥി റോബർട്ടോയെ പരാജയപ്പെടുത്തി ഫൈവ് സ്റ്റാർ പ്രസ്‌ഥാനത്തിന്റെ സ്‌ഥാനാർഥി മുപ്പത്തിയേഴുകാരിയായ വിർജീനിയ രാഗി റോമിന്റെ മേയറായി. വിർജീനയയ്ക്ക് 67.2%വോട്ടും റോബർട്ടോയ്ക്ക് 32.8%വോട്ടും കിട്ടി.

ടൂറിൻ നഗരത്തിലും ഫൈവ് സ്റ്റാറിന്റെ വനിതാ സ്‌ഥാനാർഥിയായിരുന്ന കിയാറാ അപ്പൻഡിനോയ്ക്കാണു ജയം. ഇപ്പോഴത്തെ പരാജയത്തിന്റെ പേരിൽ രാജിയില്ലെന്നു പറഞ്ഞെങ്കിലും സെനറ്റിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഭരണഘടനാഭേദഗതിക്കായി ഒക്ടോബറിൽ ഹിതപരിശോധന നടത്താൻ ഒരുങ്ങുന്ന പ്രധാനമന്ത്രിക്ക് ഇതു കനത്ത തിരിച്ചടിയാണ്. ഹിതപരിശോധനയിൽ പരാജയപ്പെട്ടാൽ രാജിവയ്ക്കുമെന്നു റെൻസി പ്രഖ്യാപിച്ചിട്ടുണ്ട്.


ഇറ്റലിയുടെ സാമ്പത്തിക തലസ്‌ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന മിലാനിൽ റെൻസിയുടെ പാർട്ടി സ്‌ഥാനാർഥി ജ്യൂസപ്പേ സാലാ 51.7%വോട്ടു നേടി മേയറായി. ബൊളോഞ്ഞയിലും റെൻസിയുടെ പാർട്ടിക്കാണു ജയം. ഇറ്റലിയിലെ അഴിമതിക്കെതിരേ പ്രതികരിക്കുന്നതിന് ഏഴുവർഷം മുമ്പ് പ്രശസ്ത ഇറ്റാലിയൻ ഹാസ്യതാരം ബെപ്പെ ഗ്രില്ലോ സ്‌ഥാപിച്ച ഫൈവ്സ്റ്റാർ പ്രസ്‌ഥാനം ആഗോളവത്കരണത്തെയും ചെലവുചുരുക്കലിനെയും അനുകൂലിക്കുന്നില്ല. ജനക്ഷേമ പ്രവർത്തനങ്ങൾക്കുവേണ്ടിയാണ് അവർ നിലകൊള്ളുന്നത്. റോമിലെ ജനങ്ങൾ വിജയിച്ചു. എന്നിൽ വിശ്വാസമർപ്പിച്ചവർക്കെല്ലാം നന്ദി– തെരഞ്ഞെടുപ്പു ഫലം അറിഞ്ഞശേഷം അഭിഭാഷകകൂടിയായ നിയുക്‌ത മേയർ വിർജീനിയ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.