എൻഎസ്ജി: ഇന്ത്യക്ക് ഇളവു നല്കിയാൽ പാക്കിസ്‌ഥാനും നല്കണമെന്നു ചൈന
എൻഎസ്ജി: ഇന്ത്യക്ക് ഇളവു നല്കിയാൽ പാക്കിസ്‌ഥാനും നല്കണമെന്നു ചൈന
Tuesday, June 21, 2016 12:25 PM IST
ബെയ്ജിംഗ്: ആണവദാതാക്കളുടെ സംഘത്തിൽ അംഗമാകാൻ ഇന്ത്യക്ക് ഇളവുകൾ നല്കുന്നുവെങ്കിൽ അതു പാക്കിസ്‌ഥാനും ബാധകമാക്കണമെന്നു ചൈന. ചൈനയുടെ മാധ്യമവിഭാഗമാണ് പാക്കിസ്‌ഥാന് അനുകൂലമായ പത്രക്കുറിപ്പ് ഇറക്കിയത്.

ആണവ നിർവ്യാപന കരാറിൽ പാക്കിസ്‌ഥാൻ ഒപ്പുവയ്ക്കാത്തതു മുതിർന്ന ആണവ ശാസ്ത്രജ്‌ഞൻ എ.ക്യു. ഖാന്റെ നിലപാടു മൂലമാണെന്നും പാക്കിസ്‌ഥാന്റെ ഔദ്യോഗിക നയം അതല്ലെന്നും ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസിലെ ലേഖനം ചൂണ്ടിക്കാട്ടുന്നു. ഈ നിലപാടിന്റെ പേരിൽ 2004ൽ എ.ക്യു. ഖാനെ പാക് സർക്കാർ വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്. 2009ൽ ഇസ്ലാമാബാദ് ഹൈക്കോടതി ഖാനെ സാധാരണ പൗരനായി പ്രഖ്യാപിക്കുകയായിരുന്നു.

ആണവ നിർവ്യാപന കരാറിൽ ഒപ്പുവയ്ക്കാത്ത ഇന്ത്യക്ക് എൻഎസ്ജി അംഗത്വം നല്കിയാൽ എന്തുകൊണ്ടു പാക്കിസ്‌ഥാനും നല്കിക്കൂടാ എന്നു ചൈന നേരിട്ടു ചോദിക്കുന്നത് ഇതാദ്യമായാണ്. ആണവദാതാക്കളുടെ സംഘത്തിൽ ആർക്കെങ്കിലും അംഗത്വം നല്കുന്നുവെങ്കിൽ അതു പൊതുസമ്മതപ്രകാരം ആകണം. പാക്കിസ്‌ഥാന് അംഗത്വം നല്കാതെ ഇന്ത്യയ്ക്കു മാത്രം അംഗത്വം നല്കുന്നതിലൂടെ ഇന്ത്യയുടെ പ്രശ്നം പരിഹരിക്കുമായിരിക്കും. എന്നാൽ, അതു വലിയൊരു പ്രശ്നത്തിനു വഴിവയ്ക്കും. ഇന്ത്യ പാക്കിസ്‌ഥാന് അംഗത്വം വേണമെന്ന് ആവശ്യപ്പെടുകയാണെങ്കിൽ പ്രശ്നങ്ങളുടെ സങ്കീർണത കുറയുമെന്നും ലഖേനത്തിൽ പറയുന്നു.


ഇന്ത്യയും പാക്കിസ്‌ഥാനും 1998ൽ ആണവപരീക്ഷണം നടത്തിയതിനെ അന്താരാഷ്ട്ര സമൂഹം അപലപിച്ചിരുന്നു. അമേരിക്കയും യൂറോപ്യൻ യൂണിയനും ജപ്പാനും ഇരുരാജ്യങ്ങൾക്കും മേൽ ഉപരോധവുമായി മുന്നോട്ടുവന്നു. എന്നാൽ, 2001 സെപ്റ്റംബർ 11ലെ അമേരിക്കയിലെ ഭീകരാക്രമണത്തിനു ശേഷം ഉപരോധം എടുത്തുകളഞ്ഞു. അതിനുശേഷം അമേരിക്ക ഇന്ത്യയുമായി ആണവകരാറിൽ ഒപ്പുവച്ചു. ഇന്ത്യയെ ആണവദാതാക്കളുടെ സംഘത്തിൽ ചേർക്കാൻ അമേരിക്ക പരസ്യപിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, ഇവയൊന്നും എൻഎസ്ജി അംഗത്വത്തിനു പകരമായില്ല. ആണവ നിർവ്യാപന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുമ്പോൾ മാത്രമേ എൻഎസ്ജി അംഗത്വത്തിന് അർഹരാകുകയുള്ളൂ. ഇറാൻ, ഇസ്രയേൽ, ഉത്തരകൊറിയ എന്നീ രാഷ്ട്രങ്ങൾ ആണവായുധങ്ങൾ നിർമിക്കാൻ തുടങ്ങിയാൽ സ്‌ഥിതി എന്താകുമെന്നും ലേഖനം ചോദിക്കുന്നു. ഈ മാസം 24ന് സിയൂളിൽ ചേരുന്ന ആണവദാതാക്കളുടെ യോഗത്തിനു മുന്നോടിയായാണ് ചൈന നിലപാടു വ്യക്‌തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ അംഗത്വം എൻഎസ്ജിയിൽ ചർച്ചാവിഷയമല്ലെന്നു കഴിഞ്ഞദിവസം ചൈനയുടെ വിദേശകാര്യമന്ത്രാലയം പറഞ്ഞിരുന്നു. എന്നാൽ, ഇന്ത്യ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നാണു ചൈനയുടെ നിലപാടിനോടു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രതികരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.