സൂഫി ഗായകൻ സാബ്രി കറാച്ചിയിൽ കൊല്ലപ്പെട്ടു
സൂഫി ഗായകൻ സാബ്രി  കറാച്ചിയിൽ കൊല്ലപ്പെട്ടു
Wednesday, June 22, 2016 12:06 PM IST
കറാച്ചി: മോട്ടോർബൈക്കിലെത്തിയ അക്രമികൾ പ്രശസ്ത സൂഫി ഖവ്വാലി ഗായകൻ അംജദ് സാബ്രിയെ(45) കറാച്ചിയിൽ വെടിവച്ചുകൊന്നു. സാബ്രിയും സുഹൃത്തും കാറിൽ സ്വകാര്യ ടിവി ചാനലിന്റെ സ്റ്റുഡിയോയിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം.

സാബ്രിയായിരുന്നു ഡ്രൈവു ചെയ്തത്. ലിയാക്കത്ത്ബാദ് മേഖലയിൽ അക്രമികൾ കാർ തടഞ്ഞ് ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. സാബ്രിയുടെ തലയ്ക്കും ചെവിക്കും വെടിയേറ്റു. അബ്ബാസി ഷഹീദ് ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. മുൻകൂട്ടി പദ്ധതി തയാറാക്കി നടത്തിയ കൊലപാതകമാണിതെന്നും ഭീകരരുടെ പങ്കു തള്ളാനാവില്ലെന്നും പോലീസ് പറഞ്ഞു.


ഖവ്വാലി ഗായകൻ ഗുലാം ഫരീദ് സാബ്രിയുടെ പുത്രനാണ് കൊല്ലപ്പെട്ട അംജദ് സാബ്രി. സൂഫി സംഗീതത്തിന്റെ അലൗകിക മാസ്മരികതയിൽ ശ്രോതാക്കളെ വിസ്മയം കൊള്ളിച്ച അംജദ് സാബ്രി പാക്കിസ്‌ഥാനിലും തെക്കനേഷ്യയിലും ഏറെ പ്രശസ്തനായ ഗായകനായിരുന്നു.700 വർഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന ഭക്‌തിഗാന ശാഖയാണിത്.

സാബ്രിയുടെ വധത്തെ പ്രധാനമന്ത്രി നവാസ് ഷരീഫ് അപലപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ടുനൽകാൻ സിന്ധ് ആഭ്യന്തരമന്ത്രാലയം പോലീസിനു നിർദേശം നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.