ഇന്നു ലോകത്തിനും ഇന്ത്യക്കും നിർണായക തീരുമാനങ്ങളുടെ ദിനം
ഇന്നു ലോകത്തിനും ഇന്ത്യക്കും നിർണായക തീരുമാനങ്ങളുടെ ദിനം
Wednesday, June 22, 2016 12:06 PM IST
<ആ>യൂറോപ്യൻ യൂണിയനിൽ തുടരണമോ ?
ബ്രിട്ടൻ വിധിയെഴുതുന്നു


യൂറോപ്യൻ യൂണിയനിൽ തുടരണമോ വേണ്ടയോ എന്ന്. ഇന്നു ഹിതപരിശോധന. ഫലം നാളെ അറിയാം. ബ്രിട്ടൻ വിട്ടുപോയാൽ (ബ്രെക്സിറ്റ്) വലിയ സാമ്പത്തികകുഴപ്പം ഉറപ്പ്.

<ആ>താഷ്കെന്റിൽ ഇന്ത്യക്കു നയതന്ത്രപോരാട്ടം

ഷാങ്ഹായ് കോ–ഓപ്പറേഷൻ ഓർഗനൈസേഷനി(എസ്സിഒ)ൽ ഇന്ത്യയെ പാക്കിസ്‌ഥാനൊപ്പം അംഗമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിംഗുമായും റഷ്യയുടെ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായും ചർച്ച നടത്തുന്നു.

<ആ>സിയൂളിൽ ഇന്ത്യ കാത്തിരിക്കുന്നു

ആണവദാതാക്കളുടെ സംഘം (എൻഎസ്ജി) ഇന്ന് അത്താഴവിരുന്നോടെ വാർഷികയോഗം തുടങ്ങും. ഇന്ത്യയെ അംഗമാക്കുമോ എന്നു നാളെ അറിയാം. ചൈന താഷ്കെന്റ് ചർച്ചയിൽ വഴങ്ങുമോ എന്നാണ് ആദ്യമറിയേണ്ടത്.

<ആ>പിരിയാനുള്ള കാരണം

കുടിയേറ്റവും അഭയാർഥിവരവുമാണു പ്രധാന പ്രശ്നം. ബ്രിട്ടീഷ് ജനസംഖ്യയിൽ 8.4 ശതമാനം (54 ലക്ഷം പേർ) വിദേശത്ത് ജനിച്ചവരാണ്. ഇപ്പോൾ പശ്ചിമേഷ്യൻ അഭയാർഥികൾകൂടി ബ്രിട്ടനിൽ എത്തുന്നത് ആശങ്ക വളർത്തി. കഴിഞ്ഞവർഷം ബ്രിട്ടനിലേക്കു കുടിയേറിയത് 3.33 ലക്ഷം പേർ.

<ആ>ബ്രിട്ടൻ പിന്മാറിയാൽ

യൂറോപ്യൻ സമ്പദ്ഘടന മാന്ദ്യത്തിലാകും. അതു മറ്റു രാജ്യങ്ങളുടെ വളർച്ചയെയും ബാധിക്കും. ബ്രിട്ടീഷ് പൗണ്ടിന് 20 ശതമാനംവരെ വില ഇടിയാം. യൂറോയും താഴും.

യൂണിയൻ വിട്ടുപോകാനാണ് ഭൂരിപക്ഷവിധി എങ്കിലും കുറഞ്ഞതു രണ്ടുവർഷം കഴിഞ്ഞേ പിരിയാനാകൂ. മറ്റ് 27 രാജ്യങ്ങളുമായി വിവിധ വിഷയങ്ങൾ സംബന്ധിച്ചു ധാരണയുണ്ടാക്കി ഓരോ പാർലമെന്റിലും പ്രമേയം പാസാക്കി പിരിയുമ്പോൾ പലവർഷങ്ങൾ എടുക്കും. എങ്കിലും ഉടനേ കമ്പോളങ്ങളിൽ വലിയ കോളിളക്കം ഉണ്ടാകും.

ബ്രിട്ടന്റെ പിന്മാറ്റം യൂറോപ്യൻ യൂണിയന്റെ ശിഥിലീകരണത്തിനു തുടക്കമാകും. ജർമനി അടക്കം മിക്ക രാജ്യങ്ങളിലും ഹിതപരിശോധനാ ആവശ്യം ഉയർന്നുകഴിഞ്ഞു.

പ്രചാരണവേളയിൽ ലേബർ എംപി ജോ കോക്സ് വധിക്കപ്പെട്ടതും പ്രചാരണത്തിലെ വംശീയതയും യൂണിയനിൽ തുടരണമെന്ന വാദത്തെ ബലപ്പെടുത്താൻ സഹായിച്ചു.

അഭിപ്രായസർവേകളിൽ ഇരുപക്ഷവും ഒപ്പത്തിനൊപ്പം. അൽപം മുൻതൂക്കം യൂണിയനിൽ തുടരണം എന്നതിന്.

പന്തയക്കാരിൽ ഭൂരിപക്ഷം യൂണിയനിൽ തുടരുന്നതിനനുകൂലം. നാളെ രാവിലെ മുതൽ ഫലപ്രഖ്യാപനം. ഉച്ചയോടെ ജനവിധി പൂർണമായി അറിയാം.

<ആ>ഇന്ത്യക്ക് എസ്സിഒ അംഗത്വം

ഇന്ന് ഉസ്ബെക്കിസ്‌ഥാൻ തലസ്‌ഥാനമായ താഷ്കെന്റിൽ ഷാങ്ഹായ് കോ–ഓപറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) സമ്മേളനം. ഇന്ത്യയും പാക്കിസ്‌ഥാനും നിരീക്ഷകപദവിയിൽനിന്ന് അംഗങ്ങളായി ഉയർത്തപ്പെടും. റഷ്യയും ചൈനയും മധ്യേഷ്യയിലെ പഴയ സോവ്യറ്റ് റിപ്പബ്ലിക്കുകളായ കസാഖിസ്‌ഥാൻ, താജിക്കിസ്‌ഥാൻ, കിർഗിസ്‌ഥാൻ, ഉസ്ബെക്കിസ്‌ഥാൻ എന്നിവയും ചേർന്ന് തുടങ്ങിയ രാഷ്ട്രീയ–സാമ്പത്തിക–സൈനികസഖ്യമാണിത്.




<ആ>താഷ്കെന്റ് ചർച്ചകൾ

എസ്സിഒ ഉച്ചകോടി നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ, ചൈനീസ് ഭരണാധികാരികളുമായി ചർച്ച നടത്തും. എൻഎസ്ജി അംഗത്വത്തിനു നിർണായകപിന്തുണ ചൈനയിൽനിന്നു വാങ്ങിയെടുക്കാൻ ഷി ചിൻപിംഗുമായുള്ള ചർച്ചയിൽ മോദി ശ്രമിക്കും. റഷ്യൻ പ്രസിഡന്റ് പുടിനെക്കൊണ്ട് കസാഖിസ്‌ഥാന്റെയും തുർക്കിയുടെയും മേൽ സമ്മർദം ചെലുത്താനും മോദി ശ്രമിക്കും. ഈ ദൗത്യങ്ങൾ വിജയിച്ചാൽ നാളെ സിയൂളിൽ എൻഎസ്ജി പൊതുയോഗം ഇന്ത്യക്ക് അംഗത്വം നൽകും.

<ആ>എൻഎസ്ജി

ഇന്ത്യ 1974–ൽ അണുപരീക്ഷണം നടത്തിയതിനെത്തുടർന്ന് ആണവ ഇന്ധനവും റിയാക്ടർ അടക്കമുള്ള ഉപകരണങ്ങളും സാങ്കേതികവിദ്യയും വിൽക്കുന്ന രാജ്യങ്ങൾ ചേർന്നുണ്ടാക്കിയ ക്ലബ് ആണിത്. ഇപ്പോൾ 48 അംഗങ്ങൾ. ഇന്ത്യക്ക് സിവിലിയൻ ആണവവില്പന നടത്തുന്നതിന് 2008–ൽ എൻഎസ്ജി ഇളവ് നൽകിയിരുന്നു. എങ്കിലും എല്ലാ രാജ്യങ്ങൾക്കും ആ ഇളവ് പോരാ. അംഗത്വം ലഭിച്ചാൽപിന്നെ ആരിൽനിന്നും ആണവ ഇന്ധനവും വിദ്യയും വാങ്ങാം, ആർക്കും വിൽക്കാം. അതാണ് അംഗത്വത്തിന്റെ നേട്ടം.

സിയൂൾ യോഗത്തിലെ അധ്യക്ഷപദം ദക്ഷിണകൊറിയയ്ക്കാണ്. ആന്ധ്രപ്രദേശിൽ ആറു റിയാക്ടറുകൾ സ്‌ഥാപിക്കുന്ന ജാപ്പനീസ്–അമേരിക്കൻ കമ്പനിയായ വെസ്റ്റിംഗ് ഹൗസിന് നിരവധി ഉപകരണങ്ങൾ നൽകുന്നത് ദക്ഷിണകൊറിയയാണ്. അതുകൊണ്ട് ഇന്ത്യക്ക് ഇളവു നൽകുന്നതിൽ അവർ താത്പരരാണ്.

വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ ഇന്നലെ സിയൂളിലെത്തി ചർച്ചകൾ തുടങ്ങി. ഇന്ത്യയെ അനുകൂലിച്ച് ഫ്രഞ്ച് സർക്കാർ പ്രസ്താവനയിറക്കി.

<ആ>അംഗമാകും മുൻപേ തോൽവി

എൻഎസ്ജി അംഗത്വം ഇന്ത്യക്കു ലഭിക്കുന്നതിനു ചൈന വച്ചിട്ടുള്ള ഉപാധി, പാക്കിസ്‌ഥാനും അംഗത്വം എന്നതാണ്. ഇതു സ്വീകരിക്കാതെ വഴിയില്ലാത്ത അവസ്‌ഥയിലാണ് ഇന്ത്യ. എൻഎസ്ജി അംഗത്വത്തിലൂടെ ഇന്ത്യക്കു കിട്ടാമായിരുന്ന വലിയ മേൽക്കൈ ഇല്ലാതാക്കുന്നതാകും ഇതു സ്വീകരിക്കുന്നത്. ഇന്ത്യയുടെ സമീപകാല നയതന്ത്രനീക്കങ്ങൾ നമ്മെ കൊണ്ടുചെന്നെത്തിച്ചത് ഇങ്ങനെയൊരു വൻ പരാജയത്തിലാണ്.

ഇന്ത്യ മാത്രം എൻഎസ്ജി അംഗമായിരുന്നെങ്കിൽ പാക്കിസ്‌ഥാന് അതിൽ ഒരിക്കലും അംഗത്വം കിട്ടാതെ നോക്കാമായിരുന്നു. കാരണം ഒരാളെങ്കിലും എതിർത്താൽ അംഗത്വം ലഭിക്കില്ല. അതറിയാവുന്ന പാക്കിസ്‌ഥാൻ ചൈനയുടെ സഹായത്തോടെ കളിച്ചു. അതിൽ നാം അടിയറവു പറയുമോ എന്ന് ഇന്ന് അറിയാം.

<ആ>യൂറോപ്യൻ യൂണിയൻ

അംഗരാജ്യങ്ങൾ 28=
വിസ്തീർണം 43.25 ലക്ഷം ചതുരശ്രകിലോമീറ്റർ
ജനസംഖ്യ 50.8 കോടി
ജിഡിപി 1050 ലക്ഷംകോടി രൂപ (ഇന്ത്യയുടെ ഒൻപതിരട്ടി)

<ആ>ബ്രിട്ടൻ

വിസ്തീർണം 2.43 ലക്ഷം ചതുരശ്രകിലോമീറ്റർ
ജനസംഖ്യ 6.37 കോടി
ജിഡിപി 190 ലക്ഷംകോടി രൂപ

ബ്രെക്സിറ്റ് പരിശോധനയിൽ
വോട്ടവകാശമുള്ളവർ
4.65 കോടി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.