ഉത്തരകൊറിയൻ മിസൈൽ 400 കിലോമീറ്റർ ദൂരം താണ്ടി
ഉത്തരകൊറിയൻ മിസൈൽ 400 കിലോമീറ്റർ ദൂരം താണ്ടി
Wednesday, June 22, 2016 12:06 PM IST
സിയൂൾ: യുഎൻ വിലക്ക് ലംഘിച്ച് ഉത്തരകൊറിയ ഇന്നലെ രണ്ടു മധ്യദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ നടത്തി ആദ്യത്തെ മുസുദാൻ മിസൈൽ 150 കിലോമീറ്റർ പിന്നിട്ടപ്പോൾ പൊട്ടിത്തെറിച്ചു സമുദ്രത്തിൽ പതിച്ചു. രണ്ടു മണിക്കൂറിനുശേഷം വിട്ടയച്ച രണ്ടാമത്തെ മിസൈൽ 400 കിലോമീറ്റർ ദൂരം പിന്നിട്ടെന്നു ദക്ഷിണകൊറിയൻ സൈനിക വക്‌താവ് പറഞ്ഞു. ജപ്പാനിലെ ഹോൺഷു ദ്വീപിലേക്കുള്ള ദൂരത്തിന്റെ പകുതിയോളം പിന്നിട്ട ഈ മിസൈലിന് ആയിരം കിലോമീറ്റർ ഉയരത്തിലെത്താനായി.

ഇതിനുമുമ്പു നടത്തിയ പരീക്ഷണങ്ങളിലൊന്നും ഇത്രയും ഉയരം കൈവരിക്കാനായിട്ടില്ല. ഉത്തരകൊറിയ മിസൈൽ മേഖലയിൽ ക്രമാനുഗതമായ പുരോഗതി കൈവരിച്ചെന്നാണ് ഇതു സൂചിപ്പിക്കുന്നത്. മുസുദാൻ മിസൈൽ പരീക്ഷണം ആസന്നമാണെന്ന റിപ്പോർട്ടിനെത്തുടർന്നു കഴിഞ്ഞദിവസം തന്നെ ജപ്പാൻ സേനയ്ക്ക് ജാഗ്രതാ ഉത്തരവു നൽകിയിരുന്നു. ജപ്പാൻ മേഖലയിൽ മിസൈൽ പ്രവേശിച്ചാലുടൻ വെടിവച്ചിടാനായിരുന്നു നിർദേശം. ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തെക്കുറിച്ചു ചർച്ച ചെയ്യാൻ ദക്ഷിണ കൊറിയ അടിയന്തര സുരക്ഷായോഗം വിളിച്ചു.


ബദ്ധവൈരിയായ ദക്ഷിണകൊറിയ, അവരുടെ സൃഹൃത്തുക്കളായ ജപ്പാൻ, അമേരിക്ക എന്നിവയ്ക്ക് എതിരേ സ്‌ഥിരമായി ഉത്തരകൊറിയ ഭീഷണി മുഴക്കുന്നുണ്ട്.

ഉത്തരകൊറിയയുടെ പക്കൽ മുപ്പതോളം മുസുദാൻ മിസൈലുകൾ ഉണ്ടെന്നാണു പറയപ്പെടുന്നത്. മധ്യദൂര മുസുദാൻ മിസൈലുകൾക്ക് അമേരിക്കവരെ ചെന്നെത്താൻ ശേഷിയുണ്ടെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം.അഞ്ചിലധികം പരീക്ഷണങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.