യുഎസ് ജനപ്രതിനിധി സഭയിൽ കുത്തിയിരിപ്പു സമരം
യുഎസ് ജനപ്രതിനിധി സഭയിൽ കുത്തിയിരിപ്പു സമരം
Thursday, June 23, 2016 11:53 AM IST
വാഷിംഗ്ടൺ: തോക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട ബില്ലിന്മേൽ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് യുഎസ് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ സഭയിൽ കുത്തിയിരിപ്പു സമരം ആരംഭിച്ചു.

ഭൂരിപക്ഷ റിപ്പബ്ളിക്കൻ പാർട്ടിക്കാരനായ സ്പീക്കർ പോൾ റയൻ സഭ ജൂലൈ അഞ്ചുവരെ നിർത്തിവച്ചെങ്കിലും ഒരു ഡസനിലധികം ഡെമോക്രാറ്റുകൾ സഭ വിട്ടുപോകാൻ വിസമ്മതിച്ച് 22 മണിക്കൂറിനുശേഷവും സമരം തുടരുകയാണ്.

ജനപ്രതിനിധി സഭയിലെ കാമറകൾ ഓഫാക്കി സമരദൃശ്യങ്ങൾ പുറത്തുപോകുന്നത് സപീക്കർ തടഞ്ഞു. എന്നാൽ സഭയ്ക്കുള്ളിൽ ഇരിപ്പുറപ്പിച്ച അംഗങ്ങൾ സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് സഭയ്ക്കുള്ളിലെ ദൃശ്യങ്ങൾ ടെലികാസ്റ്റ് ചെയ്തു.

49പേർ കൊല്ലപ്പെട്ട ഒർലാൻഡോ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം.തോക്കുവാങ്ങുന്നയാളുടെ പശ്ചാത്തലം സംബന്ധിച്ച പരിശോധന വിപുലമാക്കണമെന്നും ഭീകരരെന്നു സംശയിക്കുന്നവർക്ക് തോക്ക് ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കണമെന്നും ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടു. മനുഷ്യാവകാശപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജോൺ ലൂയിസാണ് സമരത്തിനു നേതൃത്വം നൽകുന്നത്.


പ്രസിഡന്റ് തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് പബ്ളിസിറ്റിക്കുവേണ്ടിയുള്ള ഡെമോക്രാറ്റുകളുടെ ചെപ്പടിവിദ്യയാണിതെന്നു റിപ്പബ്ലിക്കന്മാർ ആരോപിച്ചു. ഡെമോക്രാറ്റുകളുടെ ആവശ്യത്തിനു വഴങ്ങുന്ന പ്രശ്നമില്ലെന്നും തോക്കുടമകളുടെ ഭരണഘടനാപരമായ അവകാശം എടുത്തുകളയുന്ന ഒരു ബില്ലും പരിഗണനയ്ക്കെടുക്കില്ലെന്നും സ്പീക്കർ റയൻ പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.