ബ്രിട്ടനും ഇയുവും അമേരിക്കയുടെ പങ്കാളികൾ: ബറാക് ഒബാമ
ബ്രിട്ടനും ഇയുവും അമേരിക്കയുടെ പങ്കാളികൾ: ബറാക് ഒബാമ
Friday, June 24, 2016 12:37 PM IST
വാഷിംഗ്ടൺ; ബ്രിട്ടനും യൂറോപ്യൻ യൂണിയനും യുഎസിന്റെ വിലപ്പെട്ട പങ്കാളികളായി തുടരുമെന്നും ബ്രിട്ടനുമായുള്ള പ്രത്യേക ബന്ധം നിലനിർത്തുമെന്നും യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രിട്ടീഷ് ജനതയുടെ തീരുമാനത്തെ മാനിക്കുന്നുവെന്നും വൈറ്റ്ഹൗസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്‌തമാക്കി.

നാറ്റോയിലെ യുകെയുടെ അംഗത്വം യുഎസ് വിദേശനയത്തിന്റെ ആണിക്കല്ലാണെന്ന് ഒബാമ പ്രതികരിച്ചു. യൂറോപ്പിലും യൂറോപ്പിനു വെളിയിലും ജനാധിപത്യമൂല്യങ്ങൾ പ്രചരിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ നടത്തിയ ശ്രമങ്ങളെയും വിലമതിക്കുന്നു. യൂറോപ്പിന്റെ സാമ്പത്തിക വളർച്ചയ്ക്കും സുസ്‌ഥിരതയ്ക്കും ഇയു നൽകിയ സേവനം അഭിന്ദനാർഹമാണെന്നും ഒബാമ ചൂണ്ടിക്കാട്ടി.

ഇതേസമയം യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകുന്നതിന് അനുകൂലമായി വോട്ടുചെയ്യുകവഴി ബ്രിട്ടീഷ് ജനത തങ്ങളുടെ സ്വാതന്ത്ര്യം വീണ്ടെടുത്തിരിക്കുകയാണെന്നു നിയുക്‌ത റിപ്പബ്ളിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. കൂടുതൽ രാജ്യങ്ങൾ ഇയു വിട്ടുപോകുമെന്നും ട്രംപ് പറഞ്ഞു.സ്വന്തം ഉടമസ്‌ഥതയിലുള്ള ഗോൾഫ് റിസോർട്ട് ഉദ്ഘാടനം ചെയ്യാനായി ട്രംപ് ഇന്നലെ സ്കോട്ലൻഡിൽ എത്തി.

ബ്രെക്സിറ്റ് വോട്ടും യുഎസിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പും തമ്മിൽ താരതമ്യപ്പെടുത്തിയ അദ്ദേഹം എല്ലായിടത്തും ജനങ്ങൾ അതിർത്തികൾ വീണ്ടെടുക്കണമെന്ന അഭിപ്രായക്കാരാണെന്നു ചൂണ്ടിക്കാട്ടി. അനധികൃത കുടിയേറ്റവും അതിർത്തി സുരക്ഷയുമാണ് ട്രംപിന്റെ പ്രചാരണ വിഷയങ്ങളിൽ പ്രധാനം.


നവംബറിലെ തെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്വാതന്ത്ര്യം ആവർത്തിച്ചു പ്രഖ്യാപിക്കാൻ അമേരിക്കൻ ജനതയ്ക്കും അവസരം ലഭിക്കുമെന്ന് ട്രംപ് പറഞ്ഞു.യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ വിട്ടുപോരുന്നതാണു നല്ലതെന്നു ബ്രെക്സിറ്റിനു മുമ്പേ ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഹിതപരിശോധനയിലെ തോൽവിയുടെ പേരിൽ രാജിവയ്ക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ നല്ല മനുഷ്യനാണെന്നും എന്നാൽ ബ്രെക്സിറ്റ് വിഷയത്തിൽ അദ്ദേഹം സ്വീകരിച്ച നിലപാടു തെറ്റായിരുന്നുവെന്നും ട്രംപ് ചൂണ്ടിക്കാ

ട്ടി.ബ്രെക്സിറ്റ് വോട്ടിനെത്തുടർന്നുള്ള സാമ്പത്തിക അനിശ്ചിതത്വം അമേരിക്കൻ കുടുംബങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തുകയാവണം യുഎസിന്റെ പ്രഥമ ചുമതലയെന്ന് ഡെമോക്രാറ്റിക് നിയുക്‌ത സ്‌ഥാനാർഥി ഹില്ലരി ക്ലിന്റൺ പറഞ്ഞു.

വൈറ്റ്ഹൗസിന്റെ ചുമതല പരിചയസമ്പന്നമായ കരങ്ങളിൽ എത്തേണ്ടതിന്റെ ആവശ്യകതയാണിതു സൂചിപ്പിക്കുന്നതെന്നും ഹില്ലരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.