ബ്രിട്ടന്റെ സ്വാധീനം കുറയുന്നു
ബ്രിട്ടന്റെ സ്വാധീനം കുറയുന്നു
Saturday, June 25, 2016 11:24 AM IST
ലണ്ടൻ: യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ (യുണൈറ്റഡ് കിംഗ്ഡം) പുറത്തുപോകുന്നത് (ബ്രെക്സിറ്റ്) ലോകവേദികളിൽ ബ്രിട്ടന്റെ സ്വാധീനം കുറയ്ക്കും. യുഎൻ രക്ഷാസമിതി, സമ്പന്നരാജ്യക്ലബ് ആയ ജി ഏഴ്, അമേരിക്കൻ നേതൃത്വത്തിലുള്ള നാറ്റോ സൈനികസഖ്യം എന്നിവയിലെല്ലാം ബ്രിട്ടൻ തുടരും. പക്ഷേ അവയുടെ തീരുമാനങ്ങളിൽ ബ്രിട്ടൻ ചെലുത്തുന്ന സ്വാധീനം കുറവാകും. സാമ്പത്തികമായും ക്ഷീണംവരും. ഇപ്പോൾത്തന്നെ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ ബ്രിട്ടന്റെ റേറ്റിംഗ് ഒരു പോയിന്റ് താഴ്ത്തിയിട്ടുണ്ട്. അതായത് ബ്രെക്സിറ്റ് മൂലം ബ്രിട്ടന് ഉടനെ ഒന്നും സംഭവിക്കില്ല. പക്ഷേ കാലക്രമേണ ഗ്രേറ്റ് ബ്രിട്ടൻ ഗ്രേറ്റ് അല്ലാതെവരും. സ്കോട്ലൻഡ് ബ്രിട്ടനിൽനിന്നു പിരിയുകകൂടി ചെയ്താൽ നില കൂടുതൽ മോശമാകും. വടക്കൻ അയർലൻഡാണെങ്കിൽ ഈ തക്കത്തിന് ഐറിഷ് റിപ്പബ്ലിക്കുമായി ഒന്നിക്കണമെന്ന ആഗ്രഹത്തിലാണ്. സ്കോട്ലൻഡിൽ 62–ഉം വടക്കൻ അയർലൻഡിൽ 56–ഉം ശതമാനംപേർ യൂറോപ്യൻ യൂണിയനിൽ തുടരണമെന്നാണു വോട്ടുചെയ്തത്. സ്കോട്ലൻഡ് സ്വതന്ത്രമായാൽ ബ്രിട്ടന്റെ ജിഡിപിയിൽ പത്തുശതമാനം കുറവുവരും. അതു ജി ഏഴ് പോലുള്ള സമിതികളിൽ ബ്രിട്ടന്റെ വില കുറയ്ക്കും. ബ്രിട്ടൻ ഇയു വിട്ടുപോയാലും സ്കോട്ട്ലൻഡ് ബ്രിട്ടനെ വിട്ടുപോയാലും യുഎൻ രക്ഷാസമിതിയിലെ സ്‌ഥിരാംഗത്വം ബ്രിട്ടനു തുടർന്നും വഹിക്കാം. സോവ്യറ്റ്യൂണിയൻ ശിഥിലമായശേഷം റഷ്യ പിൻഗാമിയായതുപോലെ. വീറ്റോ അധികാരവും ഉണ്ടാകും. പക്ഷേ, അവിടെ ബ്രിട്ടനു പഴയ ആധികാരികതയോടെ നിലപാടെടുക്കാൻ പറ്റാതെവരും.

അതിലേറെ, രക്ഷാസമിതിയുടെ ഘടന മാറ്റാനുള്ള ശ്രമങ്ങൾക്കു ദുർബല ബ്രിട്ടന്റെ സാന്നിധ്യം കരുത്തുപകരും. സൈനികമായും സാമ്പത്തികമായും ബ്രിട്ടനെക്കാൾ ശക്‌തമായ രാജ്യങ്ങൾ അപ്പോഴേക്കും കടന്നുവന്നെന്നും വരാം. ബ്രെക്സിറ്റ് ഹിതപരിശോധനാഫലം പുറത്തുവന്ന ദിവസംതന്നെ ബ്രിട്ടന്റെ സാമ്പത്തികമേധാശക്‌തിക്ക് ഊനം തട്ടി. ബ്രിട്ടീഷ് പൗണ്ടിന് വെള്ളിയാഴ്ച പത്തുശതമാനം വിലയിടിഞ്ഞു. ഇതോടെ ബ്രിട്ടന്റെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) ഫ്രാൻസിന്റെ ജിഡിപിയെക്കാൾ കുറവായി. ബ്രിട്ടൻ അഞ്ചാമത്തെ വലിയ സാമ്പത്തികശക്‌തിയെന്ന സ്‌ഥാനം ഫ്രാൻസിനു കൈമാറേണ്ടിവന്നു.


ട്രിപ്പിൾ എ റേറ്റിംഗും കൂടി പോയാൽ ജി 7 ഉച്ചകോടികളിൽ ബ്രിട്ടന്റെ ശബ്ദത്തിനു ചെവികൊടുക്കാൻ മറ്റുള്ളവർ തയാറാകില്ല.

അമേരിക്കയും ബ്രിട്ടനുമായുള്ളതു പ്രത്യേക ബന്ധമാണെന്ന് ഇരുരാജ്യങ്ങളും പറയാറുണ്ട്. നാറ്റോയിലും രക്ഷാസമിതിയിലും ജി ഏഴിലുമൊക്കെ അതു പ്രകടവുമാണ്. യൂറോപ്പിൽ അമേരിക്കയുടെ ഏറ്റവുമടുത്ത സഖ്യകക്ഷിയാണു ബ്രിട്ടൻ. ഈ ബന്ധം ബ്രിട്ടന് നയതന്ത്രമേഖലയിലും വലിയ സ്വാധീനം നേടിക്കൊടുത്തിരുന്നു.

എന്നാൽ ഇനി ജർമനി ആ സ്‌ഥാനം നേടുമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അമേരിക്കയുടെ അണ്ടർസെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന നിക്കോളാസ് ബേൺസ് ഇന്നലെ പറഞ്ഞതു ‘‘യുകെ പധാനസഖ്യകക്ഷിയായി തുടരും, പക്ഷേ, യൂറോപ്യൻ യൂണിയൻ കാര്യങ്ങളിൽ ജർമനിയാകും ഇനി പ്രധാന സഖ്യകക്ഷി’’ എന്നാണ്.

ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്‌ഥാനാർഥിയാകാൻ പോകുന്ന ഹില്ലരി ക്ലിന്റന്റെ ഉപദേഷ്ടാവു കൂടിയാണ് ബേൺസ്. അമേരിക്കൻ നയം ഏതുവഴിയേ നീങ്ങും എന്നു ബേൺസിന്റെ പ്രസ്താവന വ്യക്‌തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.