ബ്രെക്സിറ്റ്: വീണ്ടും ഹിതപരിശോധന വേണമെന്ന നിവേദനം 30 ലക്ഷം കടന്നു
ബ്രെക്സിറ്റ്: വീണ്ടും ഹിതപരിശോധന വേണമെന്ന നിവേദനം 30 ലക്ഷം കടന്നു
Sunday, June 26, 2016 11:21 AM IST
ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ വിട്ടുപോകുന്നതു (ബ്രെക്സിറ്റ്) സംബന്ധിച്ച വിധിയെഴുത്തിനായി വീണ്ടും ജനഹിതം നടത്തണമെന്ന ആവശ്യം ശക്‌തമാകുന്നു. വ്യാഴാഴ്ച നടത്തിയ ജനഹിതപരിശോധന റദ്ദാക്കണമെന്ന ആവശ്യവുമായി യുകെ പാർലമെന്റ് വെബ്സൈറ്റിൽ ആരംഭിച്ച നിവേദനത്തിൽ അണിചേർന്നവരുടെ എണ്ണം 30 ലക്ഷം കടന്നു. ബ്രെക്സിറ്റിനെതിരേ ഓൺലൈനായി ആരംഭിച്ച കാമ്പയിനിംഗ് 48 മണിക്കൂറിനുള്ളിൽ 30,48,000 ആയി. ചൊവ്വാഴ്ച ചേരുന്ന പാർലമെന്റിന്റെ പെറ്റീഷൻസ് കമ്മിറ്റി നിവേദനം പരിഗണിക്കുമെന്ന് കൺസർവേറ്റീവ് എംപി ബെൻ ഹൗലെറ്റ് ട്വിറ്ററിലൂടെ അറിയിച്ചു.

യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ പുറത്തുകടക്കണമെന്ന് അഭിപ്രായപ്പെട്ട് 51.9 ശതമാനം ആളുകളാണ് വോട്ട് ചെയ്തത്. വോട്ടെടുപ്പിൽ 72 ശതമാനം ആളുകളേ വോട്ടെടുപ്പിൽ പങ്കെടുത്തുള്ളൂ. 75 ശതമാനത്തിൽ കുറവ് ആളുകൾ പങ്കെടുക്കുന്ന ഹിതപരിശോധനയിൽ 60 ശതമാനത്തിൽ താഴെ വോട്ടേ ലഭിച്ചുള്ളൂവെങ്കിൽ വീണ്ടും ജനഹിതം നടത്തണമെന്ന ചട്ടം ചൂണ്ടിക്കാട്ടി ജനാധിപത്യ പ്രചാരകൻ വില്യം ഒലിവർ ഹീലിയാണ് ഓൺലൈൻ നിവേദനം ആരംഭിച്ചത്.


ഒരു ലക്ഷത്തിൽ അധികം ആളുകൾചേർന്നു നൽകുന്ന നിവേദനം പാർലമെന്റിലെ കോമൺസ് സഭ ചർച്ചചെയ്യണം എന്നുമുണ്ട്. മണിക്കൂറിൽ ഒരു ലക്ഷത്തോളം ആളുകൾ നിവേദനത്തിൽ പങ്കുചേരുന്നതായാണ് ഏകദേശ കണക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.