അസാദിന്റെ ബന്ധുവിന് എതിരേ ഫ്രാൻസിൽ അഴിമതിക്കേസ്
Tuesday, June 28, 2016 12:53 PM IST
പാരീസ്; സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസാദിന്റെ ബന്ധു റിഫാത് അൽ അസാദിനെതിരേ ഫ്രാൻസിൽ അഴിമതിക്കേസ്. നികുതി വെട്ടിച്ചതിനും കള്ളപ്പണം വെളുപ്പിച്ചതിനും റിഫാതിനെതിരേ അന്വേഷണം നടത്താൻ ഫ്രഞ്ച് ജഡ്ജി നിർദേശിച്ചു.

സിറിയയിൽ ഏകാധിപതിയായിരുന്ന ഹാഫീസ് അൽ അസാദിന്റെ ഇളയ സഹോദരനാണ് റിഫാത്. ഹാഫീസിന്റെ കീഴിൽ വൈസ് പ്രസിഡന്റായിരുന്ന റിഫാത് ഹാഫീസിനെ അട്ടിമറിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടു. ഇതെത്തുടർന്ന് 1980കളിൽ അദ്ദേഹം വിദേശത്തേക്കു രക്ഷപ്പെട്ടു.


സിറിയയിൽനിന്നു കടത്തിക്കൊണ്ടുവന്ന സ്വത്ത് ഉപയോഗിച്ച് റിഫാത് ഫ്രാൻസിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് കെട്ടിപ്പടുത്തുവെന്നാണ് ആരോപണം. പാരീസിലും ലണ്ടനിലും സ്പാനിഷ് റിസോർട്ടായ മർബെല്ലയിലും റിഫാതിനു വീടുകളുണ്ട്.

അന്വേഷണ വേളയിൽ ഫ്രാൻസ് വിട്ടുപോകരുതെന്നു റിഫാതിനു ജഡ്ജി നിർദേശം നൽകി. ചികിത്സയ്ക്കായി ബ്രിട്ടനിൽ പോകുന്നതിനു മാത്രം അനുമതിയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.