ഐഇഎൽടിഎസ്: യുകെയിൽ ഇളവ് അനുവദിക്കാൻ തീരുമാനം
ഐഇഎൽടിഎസ്: യുകെയിൽ ഇളവ് അനുവദിക്കാൻ തീരുമാനം
Wednesday, June 29, 2016 11:54 AM IST
<ആ>ഷൈമോൻ തോട്ടുങ്കൽ

ലണ്ടൻ: മലയാളികൾ അടക്കമുള്ള വിദേശ നഴ്സുമാർക്കു പ്രതീക്ഷയേകി എൻഎച്ച്എസ് ഇംഗ്ലീഷ് ഭാഷാ ടെസ്റ്റിൽ (ഐഇഎൽടിഎസ്) ഇളവ് അനുവദിക്കാൻ തീരുമാനം. ഇതുസംബന്ധിച്ചുള്ള നിർണായകമായ പ്രഖ്യാപനം നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ നടത്തി. യുകെയിലേക്കു നഴ്സിംഗ് ജോലിക്ക് അപേക്ഷിക്കുന്ന നഴ്സുമാർക്ക് ഏറെ ആശ്വാസം നൽകുന്ന ഭേദഗതി ഇന്നലെ മുതൽ എൻഎംസി നടപ്പിലാക്കി.

എൻഎംസി രജിസ്ട്രേഷന് ആവശ്യമായ ഐഇഎൽടിഎസ് ഓരോ കാറ്റഗറിയിലും 7 എന്ന സ്കോർ ഒരു ചാൻസിൽ തന്നെ നേടണം എന്ന നിബന്ധനയിലാണ് ഇളവു വരുത്തിയിട്ടുള്ളത്. ഓരോ കാറ്റഗറിയിലും 7 എന്ന സ്കോർ ആറു മാസത്തിനുള്ളിൽ എഴുതുന്ന രണ്ടു ചാൻസിൽ നേടിയാൽ മതി എന്ന പരിഷ്കാരമാണ് ഇന്നു മുതൽ നടപ്പിലാക്കിയിരിക്കുന്നത്. അതേസമയം ഈ രണ്ടു ചാൻസിലും ഓരോ കാറ്റഗറിക്കും 6.5 സ്കോറിൽ കുറയാനും പാടില്ല എന്നും നിബന്ധനയിൽ പറയുന്നു.ഐഇഎൽടിഎസ് യോഗ്യത തെളിയിക്കാനായി രണ്ടു തവണയും ലഭിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.

ഉദാഹരണത്തിന് ഇന്ന് എഴുതിയ പരീക്ഷയിൽ റീഡിംഗിന് 6.5 ഉം മറ്റെല്ലാ വിഭാഗത്തിനും ഏഴോ അതിൽ കൂടുതലോ ലഭിച്ചു എന്നും കരുതുക. ആറുമാസത്തിനുള്ളിൽ എഴുതുന്ന രണ്ടാമത്തെ ചാൻസിൽ റീഡിംഗിന് 7 ലഭിച്ചാൽ ഈ രണ്ടു സർട്ടിഫിക്കറ്റുകളും ഹാജരാക്കിയാൽ മതിയാകും. ഐഇഎൽടിഎസിൽ ഇളവ് വേണമെന്നു മാഞ്ചസ്റ്ററിലെ ഏലൂർ കൺസൾട്ടൻസി അടക്കമുള്ള പ്രമുഖ റിക്രൂട്ട്മെന്റ് സ്‌ഥാപനങ്ങൾ എൻഎംസിയുടെ കൺസൾട്ടേഷനിൽ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഇപ്പോഴത്തെ തീരുമാനമെന്ന് എൻഎംസി ചീഫ് എക്സിക്യൂട്ടീവ് ആൻഡ് രജിസ്ട്രാർ ജാക്കി സ്മിത്ത് ചൂണ്ടിക്കാട്ടുന്നു.


ബ്രെക്സിറ്റിന്റെ കൂടി പശ്ചാത്തലത്തിലാണു നീക്കത്തിന് വേഗം വച്ചത്. രണ്ടു വർഷത്തിനുള്ളിൽ യൂറോപ്യൻ യൂണിയനിൽ നിന്നെത്തുന്ന നഴ്സുമാരുടെ എണ്ണം എൻഎച്ച്എസിൽ ഇരട്ടിയോളമായിരുന്നു. ഇവർക്ക് ഭാഷാ പ്രാവീണ്യം തെളിയിക്കേണ്ടി വന്നിരുന്നുമില്ല. ഇത് ആരോഗ്യ മേഖലയെ തകർക്കുമെന്ന ആരോപണം ഉയർന്നിരുന്നുവെങ്കിലും സർക്കാർ പരിഗണിച്ചില്ല. മലയാളികളെ അപേക്ഷിച്ച് ജോലിയിൽ മികവ് കുറവാണെങ്കിലും വേതനത്തിലും മറ്റും വിട്ടുവീഴ്ചയ്ക്ക് ഇവർ ഒരുക്കമായിരുന്നു.

സർക്കാരിന്റെ കണക്കു പ്രകാരം 110,000 ഇയു ജീവനക്കാരാണ് ബ്രിട്ടന്റെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നത്. ഇവരിൽ 20,000 പേരോളം നഴ്സുമാരാണ്.അടുത്തിടെ ഹെൽത്ത് കെയർ വിഭാഗത്തിൽ ജീവനക്കാരുടെ കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. പത്തിൽ ഒമ്പത് ആശുപത്രികളിലും ജീവനക്കാരുടെ കുറവുണ്ട്. യുകെയിൽ ഇപ്പോൾത്തന്നെ ആറിൽ ഒരു നഴ്സു വീതം രാജ്യത്തിന് പുറത്തു പഠിച്ചവരാണെന്നു കണക്കുകൾ പറയുന്നു. പുതിയ പരിഷ്കാരത്തോടെ മലയാളികൾക്ക് കൂടുതലായി യുകെയിൽ എത്താൻ കഴിയുമെന്നു കരുതപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.