ബാറ്റൺ റൂഷ് വെടിവയ്പ്: പ്രതി മുൻ സൈനികൻ
ബാറ്റൺ റൂഷ് വെടിവയ്പ്: പ്രതി മുൻ സൈനികൻ
Monday, July 18, 2016 12:04 PM IST
വാഷിംഗ്ടൺ: അമേരിക്കയിലെ ലൂയിസിയാനയിലെ ബാറ്റൺ റൂഷിൽ മൂന്നു പോലീസ് ഓഫീസർമാരെ വെടിവച്ചുകൊന്ന കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. ഇറാക്കിൽ സേവനം അനുഷ്ഠിച്ച മുൻ മറീൻ ഭടൻ ഗവിൻ യൂജിൻ ലോംഗാണു(29) പ്രതിയെന്ന് അധികൃതർ പറഞ്ഞു. പോലീസിന്റെ വെടിയേറ്റ് പ്രതി കൊല്ലപ്പെട്ടു. ഇയാൾ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും പോലീസ് വ്യക്‌തമാക്കി.

2008 ജൂൺ മുതൽ 2009 ജനുവരിവരെയുള്ള കാലയളവിലാണ് ലോംഗ് ഇറാക്കിൽ സേവനം ചെയ്തത്. സാർജന്റ് റാങ്കുണ്ടായിരുന്ന ലോംഗിന് നേവി യൂണിറ്റ് കമൻഡേഷൻ മെഡൽ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ട്. ബാറ്റൺ റൂഷിൽനിന്ന് 1100 കിലോമീറ്റർ അകലെ കാൻസാസ് സിറ്റിയിലായിരുന്നു കറുത്തവർഗക്കാരനായ ലോംഗിന്റെ താമസം.

റൈഫിളുമായി ഹൈവേയിലൂടെ നടക്കുന്ന ഒരാളെക്കുറിച്ചു സന്ദേശം ലഭിച്ചതിനെത്തുടർന്ന് എത്തിയ പോലീസുകാർക്കാണു വെടിയേറ്റത്.

കറുത്തകോട്ടു ധരിച്ച് മുഖം മറച്ച് എത്തിയ അക്രമി പോലീസിനെ വകവരുത്താൻ മുൻകൂട്ടി നിശ്ചയിച്ചിരുന്നുവെന്നു വ്യക്‌തമാണെന്നും അധികൃതർ സൂചിപ്പിച്ചു. പോലീസുകാരെ കൊലപ്പെടുത്തിയ നടപടിയെ അപലപിച്ച പ്രസിഡന്റ് ഒബാമ, രാജ്യത്തിന്റെ ഐക്യം തകർക്കുന്ന തരത്തിലുള്ള പ്രകോപനപരമായ പ്രസ്താവനകൾ രാഷ്ട്രീയക്കാരുടെ ഭാഗത്തുനിന്നുണ്ടാവരുതെന്ന് അഭ്യർഥിച്ചു. ഭിന്നിച്ചുനിൽക്കുന്നതിനു പകരം രാജ്യം ഒറ്റക്കെട്ടായി നിൽക്കുകയാണ് ഇത്തരുണത്തിൽ ആവശ്യമെന്ന് വൈറ്റ്ഹൗസിൽനിന്നു രാജ്യത്തോടായി നടത്തിയ പ്രസംഗത്തിൽ ഒബാമ ഓർമിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.