തുർക്കി വിദ്യാഭ്യാസ വകുപ്പ് 15,200 പേരെ സസ്പെൻഡ് ചെയ്തു
തുർക്കി വിദ്യാഭ്യാസ വകുപ്പ് 15,200 പേരെ സസ്പെൻഡ് ചെയ്തു
Tuesday, July 19, 2016 11:58 AM IST
ഈസ്റ്റാംബൂൾ: തുർക്കിയിൽ പ്രസിഡന്റ് എർദോഗൻ ആരംഭിച്ച ശുദ്ധീകരണ പ്രക്രിയ തുടരുന്നു. എർദോഗന്റെ ശത്രുവും വെള്ളിയാഴ്ചത്തെ പരാജയപ്പെട്ട സൈനിക അട്ടിമറി നീക്കത്തിന്റെ പ്രേരകശക്‌തിയുമായ ഇമാം ഗുലെന്റെ സ്വാധീനത്തിനു വശംവദരായെന്നു സംശയിക്കുന്ന 15,200 സ്റ്റാഫ് അംഗങ്ങളെ തുർക്കി വിദ്യാഭ്യാസവകുപ്പ് സസ്പെൻഡു ചെയ്തു. ഇവർക്ക് എതിരേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പബ്ലിക് യൂണിവേഴ്സിറ്റികളിലെ 1176 ഡീൻമാരും സസ്പെൻഷൻ ലഭിച്ചവരിൽ ഉൾപ്പെടുന്നു.

അമേരിക്കയിലെ പെൻസിൽവാനിയയിൽ താമസിക്കുന്ന ഗുലെന് സൈനിക അട്ടിമറി നീക്കത്തിലുള്ള പങ്കു വ്യക്‌തമാക്കുന്ന രേഖകൾ അമേരിക്കയ്ക്കു നൽകിയിട്ടുണ്ടെന്നു തുർക്കി പ്രധാനമന്ത്രി ബിനാലി യിൽദിറിം പറഞ്ഞു. എത്രയുംവേഗം വിചാരണയ്ക്കായി ഗുലെനെ വിട്ടുതരണമെന്നും അല്ലാത്തപക്ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഇതു ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ അട്ടിമറി നീക്കം നടന്ന ദിവസത്തെ സംഭവങ്ങൾ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ പ്രസിഡന്റ് എർദോഗൻ വെളിപ്പെടുത്തി. മർമാരിസിലെ ഹോട്ടലിൽനിന്നു രക്ഷപ്പെടാൻ പതിനഞ്ചു മിനിറ്റു വൈകിയിരുന്നെങ്കിൽ അക്രമികൾ തന്നെ കൊല്ലുമായിരുന്നുവെന്ന് എർദോഗൻ സിഎൻഎന്നിനോടു പറഞ്ഞു.


അട്ടിമറിക്കു പിന്നിൽ പ്രവർ്ത്തിച്ചവർക്കു വധശിക്ഷ നൽകണമെന്നു ജനം ആവശ്യപ്പെടുന്നതായും എർദോഗൻ പറഞ്ഞു. ജനങ്ങളുടെ ആവശ്യം തള്ളിക്കളയുക ബുദ്ധിമുട്ടാണ്. ഇതിനിടെ വധശിക്ഷ പുനഃസ്‌ഥാപിച്ചാൽ തുർക്കിക്കു യൂറോപ്യൻ യൂണിയൻ അംഗത്വം നൽകില്ലെന്നു ജർമനിയുൾപ്പെടെയുള്ള രാജ്യങ്ങൾ മുന്നറിയിപ്പു നൽകി.

അട്ടിമറി നീക്കത്തിനു ചുക്കാൻ പിടിച്ചെന്നു കരുതപ്പെടുന്ന മുൻ വ്യോമസേനാ മേധാവി ജനറൽ അകിൻ ഒസ്ടുർക്ക് കുറ്റസമ്മതം നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. 85 ജനറൽമാരും അഡ്മിറൽമാരും വിചാരണകാത്തു ജയിലിൽ കഴിയുകയാണ്. നേരത്തെ സൈന്യത്തിലെയും പോലീസിലെയും ഏഴായിരം പേരെ അറസ്റ്റു ചെയ്തിരുന്നു. ഗവർണർമാരും ഉന്നത ഉദ്യോഗസ്‌ഥരും ഉൾപ്പെടെ 90,000 പേരെ പിരിച്ചുവിടുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.