തുർക്കിയിൽ അടിയന്തരാവസ്‌ഥ
തുർക്കിയിൽ അടിയന്തരാവസ്‌ഥ
Thursday, July 21, 2016 11:13 AM IST
ഈസ്റ്റാംബുൾ: തുർക്കിയിൽ പ്രസിഡന്റ് എർദോഗൻ മൂന്നുമാസത്തെ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. ദേശീയസുരക്ഷാസമിതിയുടെയും കാബിനറ്റിന്റെയും അഞ്ചുമണിക്കൂർ ദീർഘിച്ച യോഗത്തിനുശേഷം മന്ത്രിമാരുടെ സാന്നിധ്യത്തിൽ എർദോഗൻ നടത്തിയ പ്രഖ്യാപനം തത്സമയം ടിവിയിൽ സംപ്രേഷണം ചെയ്തു. രണ്ടാമതൊരു അട്ടിമറിനീക്കം ഉണ്ടാവാതിരിക്കാനാണ് അടിയന്തരാവസ്‌ഥ ഏർപ്പെടുത്തുന്നതെന്നു തുർക്കി നീതിന്യായമന്ത്രി ബെകിർ ബൊസാഗ് പാർലമെന്റിൽ വ്യക്‌തമാക്കി.

വെള്ളിയാഴ്ചത്തെ പരാജയപ്പെട്ട സൈനിക അട്ടിമറിനീക്കത്തെത്തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരുടെയും സർവീസിൽനിന്നു സസ്പെൻഡ് ചെയ്യുകയോ പിരിച്ചുവിടുകയോ ചെയ്യപ്പെട്ടവരുടെയും എണ്ണം അറുപതിനായിരം കടന്നു.

സൈനിക ജനറൽമാർ, പോലീസുകാർ, ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, പത്രലേഖകർ, അധ്യാപകർ, യൂണിവേഴ്സിറ്റി ഡീൻമാർ തുടങ്ങി സിവിൽ, മിലിറ്ററി സർവീസുകളിലെ നിരവധിപേർക്ക് എതിരേ ഇതിനകം നടപടിയെടുത്തു. അട്ടിമറി നീക്കത്തിന്റെ പേരിൽ 99 ജനറൽമാർക്കും അഡ്മിറൽമാർക്കും കുറ്റപത്രം നൽകിക്കഴിഞ്ഞു.

എർദോഗന്റെ എതിരാളി അമേരിക്കയിൽ താമസിക്കുന്ന ഇമാം ഫെത്തുള്ള ഗുലെന്റെ അനുയായികളാണ് അട്ടിമറി നീക്കത്തിനു പിന്നിലെന്നു തുർക്കി സർക്കാർ ആരോപിച്ചു. ഗുലെന്റെ അനുയായികൾക്ക് എതിരേയുള്ള വേട്ട തുടരുകയാണെന്ന് എർദോഗൻ പറഞ്ഞു. ഗുലെനെ വിട്ടുകിട്ടാൻ അമേരിക്കയ്ക്ക് ഔപചാരികമായി കത്തുനൽകും.


പാർലമെന്റിനെ മറികടന്ന് നിയമങ്ങൾ പാസാക്കാനും പൗരസ്വാതന്ത്ര്യത്തിനു നിയന്ത്രണം ഏർപ്പെടുത്താനും അടിയന്തരാവസ്‌ഥ സർക്കാരിന് അവസരം നൽകും.

ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും എതിരേയുള്ള ഭീഷണി നേരിടാനാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചതെന്നാണ് എർദോഗന്റെ വാദം. എന്നാൽ, എതിരാളികളെ പൂർണമായി അടിച്ചമർത്തി ഏകാധിപത്യ ഭരണം സ്‌ഥാപിക്കാനാണ് എർദോഗൻ പദ്ധതിയിടുന്നതെന്ന് ആരോപണം ഉയർന്നു കഴിഞ്ഞു.

ഇതിനിടെ തുർക്കിയിൽ നടന്ന സൈനിക അട്ടിമറി നീക്കത്തിനു പിന്നിൽ ചില വിദേശരാജ്യങ്ങൾക്കു പങ്കുണ്ടെന്ന് എർദോഗൻ അൽജസീറാ ടിവിയോടു പറഞ്ഞു. രാജ്യങ്ങളുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല. തുർക്കിയിലെ ജനാധിപത്യം അപകടത്തിലാണെന്ന ആരോപണം നിഷേധിച്ച എർദോഗൻ ജനാധിപത്യ ചട്ടക്കൂട്ടിൽ ഉറച്ചുനിൽക്കുമെന്നു വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.