സുരക്ഷയ്ക്ക് ഊന്നൽ നൽകി ട്രംപ്
സുരക്ഷയ്ക്ക് ഊന്നൽ നൽകി ട്രംപ്
Friday, July 22, 2016 12:12 PM IST
ക്ലീവ്ലൻഡ്: ആഗോളതലത്തിൽ അമേരിക്കൻ ജനതയുടെ സുരക്ഷ ഉറപ്പാക്കുമെന്നും അനുദിനം വഷളായി വരുന്ന ക്രമസമാധാനനില ഭദ്രമാക്കുമെന്നും റിപ്പബ്ളിക്കൻ പാർട്ടി നോമിനേഷൻ സ്വീകരിച്ചുകൊണ്ടു ക്ലീവ്ലൻഡ് കൺവൻഷനിൽ നടത്തിയ പ്രസംഗത്തിൽ ഡൊണാൾഡ് ട്രംപ് വ്യക്‌തമാക്കി.

അനധികൃത കുടിയേറ്റം തടയാൻ മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കുമെന്ന വാഗ്ദാനം അദ്ദേഹം ആവർത്തിച്ചു. അക്രമികളുടെ കടന്നുകയറ്റവും മയക്കുമരുന്നിന്റെ വരവും തടയാൻ ഇത് ആവശ്യമാണ്. പോലീസിനു നേർക്കു നടക്കുന്ന ആക്രമണങ്ങളും മറ്റു കുറ്റകൃത്യങ്ങളും അവസാനിപ്പിക്കും. 2017 ജനുവരി 20 മുതൽ അമേരിക്ക കൂടുതൽ സുരക്ഷിതമാവുമെന്ന് 75 മിനിറ്റ് ദീർഘിച്ച പ്രസംഗത്തിൽ ട്രംപ് ഉറപ്പു നൽകി.

പ്രസിഡന്റ് ഒബാമയും ഡെമോക്രാറ്റുകളുടെ നിയുക്‌ത സ്‌ഥാനാർഥിയായ മുൻ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റണും പിന്തുടർന്ന നയങ്ങളുടെ പരിണിതഫലമാണ് രാജ്യത്തിപ്പോഴുള്ള ഭിന്നതയും അനൈക്യവും. ഈ അവസ്‌ഥയിൽനിന്നു യുഎസിനെ രക്ഷിക്കാൻ തനിക്കുമാത്രമേ കഴിയൂവെന്ന് ട്രംപ് പറഞ്ഞപ്പോൾ സദസ്യർ ഹർഷാരവം മുഴക്കി. അമേരിക്കയെ വീണ്ടും മഹത്തായ രാജ്യമാക്കുകയാണു ലക്ഷ്യമെന്നും ആഗോളതലത്തിൽ ബഹുമാനം കിട്ടണമെങ്കിൽ അമേരിക്ക ശക്‌തമാവണമെന്നും ട്രംപ് ചൂണ്ടിക്കാട്ടി.


ഇറാക്ക്, ലിബിയ, ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങളുടെ കാര്യത്തിൽ ഹില്ലരി സ്വീകരിച്ച നിലപാടിനെ ട്രംപ് അപലപിച്ചു. കോടിക്കണക്കിനു ഡോളർ ചെലവഴിച്ച് ആയിരങ്ങളുടെ ജീവൻ നഷ്‌ടപ്പെടുത്തി പശ്ചിമേഷ്യയിൽ വർഷങ്ങളായി യുഎസ് നടത്തുന്ന യുദ്ധം സ്‌ഥിതിഗതികൾ വഷളാക്കി. മരണം, ഭീകരത, നാശം, എന്നിവയാണ് ഹില്ലരി അവശേഷിപ്പിച്ച പൈതൃകം. ഐഎസിന്റെ വളർച്ചയ്ക്കും ഹില്ലരിയാണു കാരണമെന്നു ട്രംപ് കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.