മ്യൂണിക് മാളിൽ വെടി; നിരവധി മരണം
മ്യൂണിക് മാളിൽ വെടി; നിരവധി മരണം
Friday, July 22, 2016 12:12 PM IST
മ്യൂണിക്: ജർമൻ നഗരമായ മ്യൂണിക്കിലെ ഒരു ഷോപ്പിംഗ് മാളിൽ തോക്കുധാരികൾ ഇന്നലെ സന്ധ്യക്കു നടത്തിയ വെടിവയ്പിൽ നിരവധി പേർ മരിച്ചു. ഒളിമ്പിയ ഷോപ്പിംഗ് മാളിലായിരുന്നു അക്രമം. മുപ്പതിലേറെതവണ വെടിവച്ചതായി റിപ്പോർട്ടുണ്ട്. വിവരമറിഞ്ഞ ഉടൻ പോലീസ് എത്തി ആൾക്കാരെ ഒഴിപ്പിച്ചു. സൈനിക ഹെലികോപ്റ്ററുകൾ മാളിനു മീതേ പറന്നു.

ജർമനിയിലെ എൻടിവി റിപ്പോർട്ട് ചെയ്തത് 15–ലേറെ മരണമാണ്. മൂന്നു പേർ മരിച്ചു, പത്തുപേർക്കു പരിക്കേറ്റു എന്നാണു പോലീസ് ആദ്യം പറഞ്ഞത്. പിന്നീടു കൂടുതൽ പേർ മരിച്ചതായി പറഞ്ഞു. അക്രമികൾ ഭീകരരാണോ എന്നറിവായിട്ടില്ല. കഴിഞ്ഞ ദിവസം ട്രെയിനിൽ ഒരു തോക്കുധാരി യാത്രക്കാരെ കോടാലികൊണ്ട് ആക്രമിച്ചതിനുശേഷം നഗരം ജാഗ്രതയിലാ യിരുന്നു.


ഒന്നിലേറെപ്പേരാണു വെടിവച്ചതെന്നു പോലീസ് പറഞ്ഞു. മാളിലെ മക്ഡോണൾഡ്സ് റസ്റ്ററന്റിലായിരുന്നു ആദ്യ വെടിവയ്പ്. പിന്നീടു നഗരത്തിൽ വേറെ സ്‌ഥലങ്ങളിലും വെടിവയ്പുണ്ടായി. ഒളിമ്പിയ മാളിനു സമീപത്തു ഗതാഗതം വിലക്കി.

നഗരത്തിലെ സ്ട്രാക്കസ് ചത്വരത്തിലും തോക്കുധാരി വെടിവയ്പ് നടത്തി. ഓടുന്ന ജനത്തിനുനേരേ വെടിവയ്ക്കുന്നതിന്റെ വീഡിയോ ഗാർഡിയൻ പത്രത്തിനു ലഭിച്ചു.

പല സ്‌ഥലങ്ങളിൽ വെടിവയ്പുണ്ടായതും സ്‌ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്തു സംഭ്രാന്തി കൂട്ടരുതെന്നു പോലീസ് അഭ്യർഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.