ക്രാക്കോ ഒരുങ്ങി; ലോക യുവജന സംഗമത്തിന് ഇന്നു തുടക്കം
ക്രാക്കോ ഒരുങ്ങി; ലോക യുവജന സംഗമത്തിന് ഇന്നു തുടക്കം
Monday, July 25, 2016 11:34 AM IST
<ആ>ക്രക്കോവിൽനിന്ന് മനോജ് എം. കണ്ടത്തിൽ

ക്രാക്കോ നഗരത്തിൽ ഇന്നു യുവസാഗരമിളകും. 30 ലക്ഷത്തിലധികം പേരെ പ്രതീക്ഷിക്കുന്ന ലോക യുവജനസംഗമത്തിന് ഇന്നു തുടക്കമാകും. 31 വരെയാണ് സംഗമം. എല്ലാവിധ സജ്‌ജീകരണങ്ങളോടെയും യുവജനങ്ങളെ വരവേല്ക്കാൻ ക്രാക്കോ ഒരുങ്ങിക്കഴിഞ്ഞു. സർവോപരി ഫ്രാൻസിസ് മാർപാപ്പ എത്തുന്നുവെന്നതും ജനതയുടെ ആവേശം ഇരട്ടിപ്പിക്കുന്നു.

നാളെ എത്തുന്ന ഫ്രാൻസിസ് പാപ്പാ ഔദ്യോഗിക സ്വീകരണത്തിനുശേഷം പോളിഷ് പ്രസിഡന്റ് അന്ദ്രേ ദൂദയുമായും പോളണ്ടിലെ ബിഷപ്പുമാരുമായും കൂടിക്കാഴ്ച നടത്തും. സംഗമത്തിൽ യുവജനങ്ങളോടു സംവദിക്കാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് ഫ്രാൻസിസ് പാപ്പായും എന്നാണ് റിപ്പോർട്ടുകൾ. സംഗമത്തിൽ പങ്കെടുക്കുന്നതിനു മുന്നോടിയായി പാപ്പാ നൽകിയ വീഡിയോ സന്ദേശത്തിൽ അദ്ദേഹത്തിന്റെ സന്തോഷം പ്രകടമാണ്. പോളണ്ട് സന്ദർശിക്കാനുള്ള അവസരം ലഭിച്ചതു ദൈവത്തിന്റെ വലിയ സമ്മാനമായി കാണുന്നതായി അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു. യുവജനസംഗമത്തെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും തീർഥയാത്രയോടാണ് മാർപാപ്പാ ഉപമിച്ചത്.

ഇന്നു പോളണ്ടിലെ ബിഷപ്പുമാരുടെ കാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയോടെയാണ് സംഗമത്തിനാരംഭം കുറിക്കുന്നത്.

28ന് മാർപാപ്പ യുവജനങ്ങളെ അഭിസംബോധന ചെയ്യും. അതിനുമുമ്പ് പോളണ്ടിന്റെ രക്ഷകയായ ബ്ലാക്ക് മഡോണയുടെ രൂപം സ്‌ഥിതിചെയ്യുന്ന ചെസ്റ്റോഹോവ പാപ്പാ സന്ദർശിക്കും. പോളണ്ടിലെ നാസി പീഡന കേന്ദ്രങ്ങളായിരുന്ന ഓഷ്വിറ്റ്സ്, ബുർക്കിനാവ് ക്യാമ്പുകളിലെ സന്ദർശനം 29ന് രാവിലെയാണ്. അവിടെ നടക്കുന്ന പ്രത്യേക അനുസ്മരണശുശ്രൂഷയിൽ പാപ്പ പ്രസംഗിക്കും. തുടർന്ന് കുട്ടികളുടെ സർക്കാർ ആശുപത്രി സന്ദർശിക്കുന്ന പാപ്പാ വൈകുന്നേരംതന്നെ യുവജനങ്ങൾക്കൊപ്പമുള്ള കുരിശിന്റെ വഴിക്കായി ക്രാക്കോവിൽ തിരിച്ചെത്തും.

30ന് ക്രാക്കോവിലെ ഡിവൈൻ മേഴ്സി തീർഥകേന്ദ്രത്തിലെ ‘കരുണയുടെ കവാടത്തിലൂടെ, വിശുദ്ധ ഫൗസ്റ്റീനയെ അടക്കം ചെയ്ത ചാപ്പലിലെത്തി പ്രാർഥിക്കും. സമാപനദിനമായ 31ന് അർപ്പിക്കുന്ന ദിവ്യബലിക്കു ശേഷം സംഗമത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഓർഗനൈസർമാർ, വോളന്റിയർമാർ എന്നിവരെയും സന്ദർശിച്ച ശേഷം പാപ്പാ വത്തിക്കാനിലേക്കു മടങ്ങും. സമാപന ദിവ്യബലിമധ്യേ അടുത്ത സംഗമവേദി പാപ്പ പ്രഖ്യാപിക്കും. 187 രാജ്യങ്ങളിൽനിന്നു പങ്കെടുക്കുന്നവരിൽ 47 കർദിനാൾമാരും 800ൽപ്പരം ബിഷപ്പുമാരും 20,000ഓളം വൈദികരും ഉൾപ്പെടുന്നു. ഇന്ത്യയിൽനിന്ന് 1,000 പേർ പങ്കെടുക്കുമെന്നാണ് കണക്ക്.


600 ഏക്കർ വിസ്താരമുള്ള മൈതാനമാണു സംഗമത്തിനു തയാറാക്കിയിരിക്കുന്നത്. ഒരു ഭാഗത്തുകൂടി റോഡും മറുഭാഗത്തുകൂടി പുഴയും ഒഴുകുന്ന ഇവിടെ സുരക്ഷ ഒരുക്കുക ശ്രമകരമായതിനാൽ സൈന്യമാണ് സുരക്ഷാ കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സമ്മേളനം നടക്കുന്ന വേദിയിലേക്കു താത്കാലികമായി നാലു പുതിയ പാലങ്ങൾ നിർമിച്ചിട്ടുണ്ട്.

വിശുദ്ധ ജോൺ പോൾ രണ്ടാമനുള്ള സ്മരണാഞ്ജലിയായി ‘ജോൺ പോൾ രണ്ടാമന്റെ ദിവ്യബലി’ എന്ന പേരിലുള്ള സംഗീത പരിപാടി സമാപന ദിനം അരങ്ങേറും. ലത്തീൻ ഭാഷയിൽ എഴുതി ഹെൻറിക് ജാൻ ബോതോർ സംവിധാനം ചെയ്ത സംഗീത പരിപാടി വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. പോളണ്ടിലെ പ്രശസ്തരായ 300 പേരുടെ ഗായകസംഘവും 100 പേരുടെ ഓർക്കസ്ട്രയും സംഗീത പരിപാടിയിൽ അണിനിരക്കുന്നുണ്ട്.

സിബിസിഐ നേതൃത്വം നല്കുന്ന ഇന്ത്യൻ സംഘം ക്രാക്കോവിൽ എത്തിച്ചേർന്നു. കേരളത്തിൽനിന്നുള്ള പ്രതിനിധി സംഘത്തിന് ഐസിവൈഎം പ്രസിഡന്റ് സിജോ അമ്പാട്ട്, കെസിവൈഎം സംസ്‌ഥാന ഡയറക്ടർ ഫാ.മാത്യു ജേക്കബ് തിരുവാലിൽ, എസ്എംവൈഎം ഡയറക്ടർ ഫാ. മാത്യു കൈപ്പൻപ്ലാക്കൽ, കെസിവൈഎം മുൻ സംസ്‌ഥാന പ്രസിഡൻറ് ഷൈൻ ആന്റണി, മുൻ സംസ്‌ഥാന ജനറൽ സെക്രട്ടറി മനോജ് എം. കണ്ടത്തിൽ എന്നിവർ നേതൃത്വം നൽകുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.