ജർമനിയിലെ സ്ഫോടനം: ചാവേറിന് ഐഎസ് ബന്ധം
ജർമനിയിലെ സ്ഫോടനം: ചാവേറിന് ഐഎസ് ബന്ധം
Monday, July 25, 2016 11:34 AM IST
ബർലിൻ: തെക്കൻ ജർമനിയിലെ നൂറംബർഗ് നഗരത്തിനു സമീപമുള്ള അൻസ്ബാക്ക് പട്ടണത്തിൽ ഞായറാഴ്ച ചാവേർ സ്ഫോടനം നടത്തിയ സിറിയൻ അഭയാർഥിക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കി. 2500ഓളം പേർ പങ്കെടുക്കുന്ന സംഗീതക്കച്ചേരി ഹാളിൽ വൻ സ്ഫോടനം നടത്താനായി സ്ഫോടകവസ്തുനിറച്ച ബാഗുമായാണ് അക്രമി എത്തിയത്. സംഗീതക്കച്ചേരിക്കു പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടർന്നു സമീപത്തുള്ള കഫേയ്ക്കു വെളിയിൽ ഇയാൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. അക്രമി മാത്രമേ കൊല്ലപ്പെട്ടുള്ളു. പരിക്കേറ്റ 15 പേരിൽ നാലുപേരുടെ നില ഗുരുതരമാണ്.

2014ൽ സിറിയയിൽ നിന്ന് എത്തിയ അഭയാർഥിയാണ് ഇയാളെന്നു പോലീസ് പറഞ്ഞു.പേരു പുറത്തുവിട്ടിട്ടില്ല. അഭയത്തിനുള്ള അപേക്ഷ അധികൃതർ തള്ളിക്കളഞ്ഞിരുന്നു.രണ്ടു തവണ ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചെന്നും മാനസികരോഗ ചികിത്സയ്ക്കു വിധേയനായെന്നും ജർമൻ പോലീസ് പറഞ്ഞു.

27കാരനായ ചാവേറിന്റെ ജഡത്തിനു സമീപത്തുനിന്ന് രണ്ടു സെൽഫോണുകളും സിംകാർഡുകളും ലാപ്ടോപും കണ്ടെടുത്തെന്നു ബവേറിയൻ ആഭ്യന്തരമന്ത്രി ജൊവാക്കിം ഹെർമൻ നൂറംബർഗിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. ഐഎസ് നേതാവ് അബൂബക്കർ അൽബാഗ്ദാദിയോടു വിധേയത്വം പ്രഖ്യാപിക്കുന്ന വീഡിയോയും ഇയാളുടെ പക്കൽനിന്നു കിട്ടി. ജർമൻകാർക്ക് എതിരേ പ്രതികാരം ചെയ്യുമെന്ന ഭീഷണി സന്ദേശവും വീഡിയോയിലുണ്ട്.


അൻസ്്ബാക്കിലെ ആക്രമണത്തിനു പിന്നിൽ തങ്ങളാണെന്നും സ്ഫോടനം നടത്തിയ സിറിയക്കാരൻ തങ്ങളുടെ ൈസെനികനാണെന്നും ഐഎസ് അവകാശപ്പെട്ടിട്ടുണ്ട്. 12–ാം ഏവിയേഷൻ ബ്രിഗേഡും യുഎസ് സൈനികത്താവളവും അൻസ്ബാക്കിലുണ്ട്.

ഒരാഴ്ചയ്ക്കുള്ളിൽ ജർമനിയിൽ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്.ഇതിൽ മൂന്നിന്റെയും പിന്നിൽ അഭയാർഥികളാണ്. മ്യൂനിച്ചിൽ വെള്ളിയാഴ്ച ഷോപ്പിംഗ് മാളിൽ ഭീകരാക്രമണം നടത്തിയ 18കാരൻ ഡേവിഡ് അലി സോൺബോളിയും വിഷാദചികിത്സയ്ക്കു വിധേയനായിരുന്നു. മ്യൂനിക്ക് ആക്രമണത്തിൽ വിദേശികൾ ഉൾപ്പെടെ ഒമ്പതുപേർ കൊല്ലപ്പെടുകയും 35 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.