ഹില്ലരിക്കുവേണ്ടി മിഷേലും സാൻഡേഴ്സും
ഹില്ലരിക്കുവേണ്ടി മിഷേലും സാൻഡേഴ്സും
Tuesday, July 26, 2016 12:31 PM IST
ഫിലഡൽഫിയ: ഹില്ലരി ക്ലിന്റന്റെ സ്‌ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു ഫിലഡൽഫിയയിൽ തിങ്കളാഴ്ച ആരംഭിച്ച ചതുർദിന ഡെമോക്രാറ്റിക് കൺവൻഷനിൽ പ്രഥമവനിത മിഷേൽ ഒബാമയും സെനറ്റർ ബേർണി സാൻഡേഴ്സും ഹില്ലരിക്കു പിന്തുണ പ്രഖ്യാപിച്ചു പ്രസംഗിച്ചു. ഒരു വനിത അമേരിക്കൻ പ്രസിഡന്റാവുന്നതിനുള്ള സാധ്യത ഹില്ലരി തുറന്നിരിക്കുകയാണ്.

പ്രസിഡന്റാവാൻ യോഗ്യതയുള്ള ഒരാളേയുള്ളുവെന്നും അതു നമ്മുടെ സുഹൃത്ത് ഹില്ലരി ക്ലിന്റനാണെന്നും മിഷേൽ പറഞ്ഞപ്പോൾ പ്രതിനിധികൾ ഹർഷാരവം മുഴക്കി. ഹില്ലരി ക്ലിന്റൺ മികച്ച പ്രസിഡന്റായിരിക്കുമെന്നതിൽ തനിക്കു സംശയമില്ലെന്ന് പ്രൈമറികളിൽ അവരുടെ കടുത്ത എതിരാളിയായിരുന്ന സാൻഡേഴ്സ് പറഞ്ഞു.


എന്നാൽ സാൻഡേഴ്സിന്റെ ചില അനുയായികൾ ബഹളമുണ്ടാക്കി. സാൻഡേഴ്സാണു നേതൃത്വത്തിൽ വരേണ്ടതെന്ന് അവർ മുദ്രാവാക്യം മുഴക്കി.ഈയിടെ പുറത്തുവന്ന ഇ–മെയിലുകൾ സാൻഡേഴ്സിനെ തഴഞ്ഞ് ഹില്ലരിയെ നേതൃത്വത്തിലെത്തിക്കാൻ അണിയറയിൽ നടന്ന ശ്രമങ്ങളെ തുറന്നുകാട്ടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.