ബെസ്വാഡ വിൽസണും ടി.എൻ. കൃഷ്ണയ്ക്കും മാഗ്സസെ പുരസ്കാരം
ബെസ്വാഡ വിൽസണും ടി.എൻ. കൃഷ്ണയ്ക്കും  മാഗ്സസെ പുരസ്കാരം
Wednesday, July 27, 2016 12:13 PM IST
മനില: രാജ്യത്തെ തോട്ടിപ്പണിക്കാരുടെ മോചനത്തിനുവേണ്ടി ജീവിതമുഴിഞ്ഞുവച്ച ബെസ്വാഡ വിൽസണും സംഗീതത്തിലൂടെ സാമൂഹ്യ ഇടപെടലുകൾക്കു ശ്രമിച്ച യുവസംഗീതജ്‌ഞൻ ടി.എൻ. കൃഷ്ണയ്ക്കും 2016 ലെ റമോൺ മാഗ്സസെ പുരസ്കാരം. തോട്ടിപ്പണി ചെയ്യുന്നവരുടെ മോചനത്തിനായുള്ള സഫായി കർമചാരി ആന്ദോളന്റെ (എസ്കെഎ) യുടെ ദേശീയ കൺവീനറാണ്അമ്പതുകാരനായ ബെസ്വാഡ വിൽസൺ. കർണാടകയിലെ കോലാർ നിവാസി. തമിഴ്നാട്ടിലെ ചെന്നൈയിൽ ജനിച്ച നാല്പതുകാരനായ കൃഷ്ണൻ കർണാടകസംഗീതത്തിലെ യുവ വാഗ്ദാനമാണ്.

മനുഷ്യജീവികളുടെ അന്തസ് എന്ന അനിഷേധ്യമായ അവകാശം ഉറപ്പുവരുത്തുന്നതിൽ ബെസ്വാഡ വിൽസണും സാംസ്കാരികജീവിതത്തിൽ സാമൂഹ്യ ഉൾപ്പെടുത്തലുകൾ ഉറപ്പാക്കാൻ ടി.എൻ. കൃഷ്ണയും ശ്രദ്ധേയസംഭാവനകൾ നൽകിയതായി പുരസ്കാര സമിതി വിലയിരുത്തി.

ഇവർക്കൊപ്പം ഫിലിപ്പീൻസിലെ കൊൺചിത കാർപിയോ മൊറേൽസ്, ഇന്തോനേഷ്യയിലെ ഡോംപെറ്റ് ഡു ആഫ, ജപ്പാൻ ഓവർസീസ് കോർപ്പറേഷന്റെ സന്നദ്ധഭടന്മാർ, ലാവോയിലെ വിയന്റൈൻ റസ്ക്യു എന്നിവരും ഏഷ്യൻ നൊബേൽ എന്നറിയപ്പെടുന്ന പുരസ്കാരത്തിനർഹരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.