ഹില്ലരിയെ പിന്തുണച്ച് ഒബാമ
ഹില്ലരിയെ പിന്തുണച്ച് ഒബാമ
Thursday, July 28, 2016 11:39 AM IST
ഫിലഡൽഫിയ: തന്നെയും ബിൽ ക്ലിന്റണെയുംകാൾ പ്രസിഡന്റ് പദത്തിനു യോഗ്യതയുള്ളയാളാണു ഹില്ലരിയെന്നു യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ഫിലഡൽഫിയ ഡെമോക്രാറ്റിക് കൺവൻഷനിൽ ഹില്ലരിയുടെ സ്‌ഥാനാർഥിത്വത്തിനു പിന്തുണ പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഓവൽ ഓഫീസിലെ(പ്രസിഡന്റിന്റെ ഓഫീസ്) ജോലിയെക്കുറിച്ച് വായിച്ചതുകൊണ്ടും പഠിച്ചതുകൊണ്ടും കാര്യമില്ല. അവിടെ എത്തിക്കഴിഞ്ഞാലേ ആഗോള പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് അറിയാനാവൂ. സ്റ്റേറ്റ് സെക്രട്ടറിയെന്ന നിലയിൽ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിൽ സഹകരിച്ചു പ്രവർത്തിച്ചയാളാണു ഹില്ലരി. സങ്കീർണ പ്രശ്നങ്ങൾ പോലും അനായാസം കൈകാര്യം ചെയ്യാനും എല്ലാവരോടും മാന്യമായി പെരുമാറാനും അവർക്കു കഴിയും.


അടുത്ത കമാൻഡർ ഇൻ ചീഫാവാൻ ഹില്ലരിയാണ് ഏറ്റവും യോഗ്യതയുള്ള വ്യക്‌തി. ഐഎസിനെ അവർ തുടച്ചുനീക്കും. റിപ്പബ്ളിക്കൻ സ്‌ഥാനാർഥി ട്രംപിനെ ഇടിച്ചുതാഴ്ത്താനും ഒബാമ പ്രസംഗത്തിൽ ശ്രദ്ധിച്ചു. തൊഴിലെടുക്കുന്നവരോടു യാതൊരു പരിഗണനയും കാണിക്കാതെ 70 വർഷം ഈ ഭൂമിയിൽ ജീവിച്ച ഒരാൾ പെട്ടെന്ന് അവരുടെയെല്ലാം നേതാവാകുമെന്നു കരുതാമോ. മുദ്രാവാക്യങ്ങളാണ് അദ്ദേഹത്തിന്റെ സംഭാവന. ജനങ്ങളിൽ ഭയം വിതച്ച് വോട്ടു കൊയ്യാമെന്നാണു ട്രംപിന്റെ വിചാരമെന്ന് ഒബാമ പരിഹസിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.