കർണാടക മുഖ്യമന്ത്രിയുടെ മകൻ നിര്യാതനായി
കർണാടക മുഖ്യമന്ത്രിയുടെ  മകൻ നിര്യാതനായി
Saturday, July 30, 2016 12:33 PM IST
ബ്രസൽസ്: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ രാകേഷ് സിദ്ധരാമയ്യ (39) നിര്യാതനായി. ബൽജിയത്തിന്റെ തലസ്‌ഥാനമായ ബ്രസൽസിലെ ആന്റ്വേർപ്പ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ഇന്നലെ വൈകുന്നേരം 4.10നായിരുന്നു അന്ത്യം. മരണസമയത്ത് സിദ്ധരാമയ്യയും ഭാര്യ പാർവതിയും ഇവരുടെ ഇളയമകൻ യതീന്ദ്രയും ആശുപത്രിയിലുണ്ടായിരുന്നു.

കഴിഞ്ഞ 21നാണ് രാകേഷ് നാല് സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്കു ബൽജിയത്തിനു പോയത്. സന്ദർശനത്തിനിടെ കടുത്ത വയറുവേദനയെത്തുടർന്നു കഴിഞ്ഞ ഞായറാഴ്ചയാണു രാകേഷിനെ ബ്രസൽസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരളിലും പാൻക്രിയാസിലും ഗുരുതരരോഗം ബാധിച്ചതായി പിന്നീടു കണ്ടെത്തുകയും നില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയുമായിരുന്നു. വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു അപകടത്തിൽ രാകേഷിന്റെ പാൻക്രിയാസിലുണ്ടായ പരിക്കാണു രോഗാവസ്‌ഥയിലേക്കു നയിച്ചത്. മകന്റെ ആരോഗ്യനില വഷളായതിനെത്തുടർന്നു കഴിഞ്ഞ വ്യാഴാഴ്ച സിദ്ധരാമയ്യയും പ്രിൻസിപ്പൽ സെക്രട്ടറിയും ബ്രസൽസിലെത്തിയിരുന്നു. രാകേഷിന്റെ മൃതദേഹം ഇന്നുതന്നെ പ്രത്യേക വിമാനത്തിൽ ബംഗളൂരുവിലെത്തിക്കും. ബ്രസൽസിലെ ഇന്ത്യൻ എംബസി ഇതിനായുള്ള നടപടിക്രമം വേഗത്തിലാക്കിയിട്ടുണ്ട്. സംസ്കാരം നാളെ മൈസൂരുവിലെ വരുണയിലുള്ള വീട്ടിൽ നടക്കും. അടുത്തിടെയാണ് രാകേഷ് 39–ാം ജന്മദിനം ആഘോഷിച്ചത്. രാകേഷിനു ഭാര്യയും രണ്ടു മക്കളുമുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുമ്പ് രാകേഷ് ജർമനിയിലെത്തി തന്റെ സഹോദരിക്കൊപ്പം കഴിയുന്ന മകനെ സന്ദർശിച്ചിരുന്നു.


തനിക്കുശേഷം രാകേഷിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ സിദ്ധരാമയ്യയ്ക്കു താത്പര്യമുണ്ടായിരുന്നു. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലമായ മൈസൂരു ജില്ലയിലെ വരുണ മണ്ഡലത്തിൽ രാകേഷിനെ മത്സരിപ്പിക്കാൻ സിദ്ധരാമയ്യ തീരുമാനിച്ചിരുന്നതായും അദ്ദേഹത്തോടടുത്ത വൃത്തങ്ങളും സൂചന നൽകിയിരുന്നു. ഏതാനും കന്നഡ സിനിമകളിൽ രാകേഷ് അഭിനയിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.