ലൂയിസിയാന പ്രളയം: 40,000 വീടുകൾ അപകടത്തിൽ
ലൂയിസിയാന പ്രളയം: 40,000 വീടുകൾ അപകടത്തിൽ
Wednesday, August 17, 2016 12:20 PM IST
വാഷിംഗ്ടൺ: കനത്തമഴയെത്തുടർന്നു യുഎസിലെ ലൂയിസിയാനയിലുണ്ടായ പ്രളയത്തിൽ നാല്പതിനായിരം വീടുകൾക്കു നാശനഷ്‌ടം നേരിട്ടു. ഇതിനകം 11 പേർക്കു ജീവഹാനി നേരിട്ടു. ഗ്രേറ്റർ ബാറ്റൺ റൂഷിലെ ലിവിംഗ്സ്റ്റണിൽനിന്നു മാത്രം 15000പേരെ ഒഴിപ്പിച്ചു.

ദുരിതബാധിതർക്കുള്ള സഹായത്തിനായി രജിസ്റ്റർ ചെയ്തവരുടെ എണ്ണം 60,000 കവിഞ്ഞെന്നു ഗവർണർ ജോൺ ബെൽ എഡ്വേർഡ്സ് അറിയിച്ചു. സംസ്‌ഥാനത്തു നിരവധി മേഖലകളിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. ഫെഡറൽ സർക്കാരിൽനിന്നു കൂടുതൽ ഫണ്ടു ലഭിക്കാൻ ഇതു സഹായിക്കും.


കഴിഞ്ഞ വെള്ളിയാഴ്ചയാണു കനത്തമഴ ആരംഭിച്ചത്. നിരവധി റോഡുകൾ വെള്ളത്തിനടിയിലായി. 1,40,000 പേരുള്ള ലിവിംഗ്സ്റ്റൺ മേഖലയിലുള്ളവരാണ് ഏറെ ദുരിതത്തിലായത്. ഇവിടെ 75ശതമാനം വീടുകൾക്കും നാശനഷ്‌ടമുണ്ടായെന്നു ഷെരീഫിന്റെ ഓഫീസിലെ വക്‌താവ് ലോറി സ്റ്റീൽ അറിയിച്ചു. ചിലേടങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും വരും ദിവസങ്ങളിലും വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്‌ഥാ ബ്യൂറോ മുന്നറിയിപ്പു നൽകി. ഇതിനിടെ കൊള്ളയെത്തുടർന്ന് ബാറ്റൺറൂഷിൽ കർഫ്യൂ ഏർപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.